തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ബൈക്ക് ടാക്സികള്‍ വേണ്ടെന്ന നിലപാടില്‍ മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ബൈക്ക് ടാക്സി ആരംഭിക്കാനുള്ള നീക്കം മോട്ടോര്‍ വാഹനവകുപ്പ് തടഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച ശംഖുംമുഖത്ത് നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ പിന്മാറി.
പെര്‍മിറ്റില്ലാത്ത ബൈക്കുകള്‍ ടാക്സിയായി ഓടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍ക്ക് ഇതുവരെ ടാക്സിപെര്‍മിറ്റ് നല്‍കിയിട്ടില്ല. യാത്രക്കൂലി വാങ്ങി ഓടിക്കണമെങ്കില്‍ വാഹനത്തിന് ടാക്സി അല്ലെങ്കില്‍ കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റ് വേണം. ബൈക്കിന് ടാക്സി പെര്‍മിറ്റിനാണ് അര്‍ഹതയുള്ളത്. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല. പെര്‍മിറ്റ് വ്യവസ്ഥകള്‍ക്കൊപ്പം, യാത്രക്കൂലി നിശ്ചയിച്ച് വിജ്ഞാപനമിറക്കണം. ബൈക്കിന് ടാക്സി പെര്‍മിറ്റ് ലഭിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ദൂരം കണക്കാക്കി യാത്രക്കൂലി ഈടാക്കാന്‍ സംവിധാനവും വേണം. ടാക്സി പെര്‍മിറ്റ് നല്കുമ്പോള് വാഹനങ്ങള്‍ക്ക് മഞ്ഞനിറത്തിലുള്ള നമ്പര്‍ ബോര്‍ഡും അനുവദിക്കാറുണ്ട്.
ഇതൊന്നും പാലിക്കാതെയാണ് ബംഗളൂരൂ ആസ്ഥാനമായ റാപ്പിഡോ എന്ന കമ്പനി ഓണ്‍ലൈന്‍ ബൈക്ക് ടാക്സി തുടങ്ങാന്‍ ശ്രമിച്ചതെന്ന് തിരുവനന്തപുരം ആര്‍ടിഒ ബി മുരളീകൃഷ്ണന് പറഞ്ഞു. കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്കി. പെര്‍മിറ്റില്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാല്‍ പിഴയീടാക്കാം. ബൈക്ക് ടാക്സി ഓടിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്കി. ബൈക്ക് ടാക്സിക്ക് സര്‍ക്കാരിനോട് അനുമതിതേടിയതായി കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
Discussion about this post