പാലക്കാട്: വേനല്‍ കടുത്തതോടെ പാലക്കാട് കടുത്ത ചൂടിലേക്ക്. ജില്ലയില്‍ പകല്‍ സമയങ്ങളിലെ താപനില 39 ഡിഗ്രിയിലെത്തി. ഇനി വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയുടെ ദിനങ്ങളാണെന്നാണ് വിലയിരുത്തല്‍.
മാര്‍ച്ച് മാസം തുടങ്ങിയപ്പോള്‍ തന്നെ പാലക്കാട്ടെ താപനില നാല്‍പത് ഡിഗ്രിയിലേക്കടുക്കുകയാണ്. രാത്രികാലങ്ങളില്‍ നല്ല തണുപ്പും പകല്‍ കനത്ത ചൂടുമെന്നതാണ് പാലക്കാടിന്റെ അന്തരീക്ഷം. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ 42 ഡിഗ്രി വരെ താപനില എത്തിയാലും അത്ഭുതപ്പെടാന്‍ ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2015ലാണ് പാലക്കാടിന്റെ അന്തരീക്ഷ താപനില 40 കടന്നത്. അന്ന് 41.5യാണ് താപനില രേഖപ്പെടുത്തിയത്. ചൂട് കനത്തതോടെ ഫെബ്രുവരിയില്‍ തന്നെ മലമ്പുഴയില്‍ ആടുകള്‍ ചത്തുവീണതും ആശങ്ക പടര്‍ത്തിയിട്ടുണ്ട്. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. ജലസംഭരണികളിലെ വെളളം കൂടി വറ്റിയാല്‍ മാര്‍ച്ച് പകുതിയോടെ പാലക്കാട് കടുത്ത വരള്‍ച്ച നേരിടേണ്ടി വരും.