കോഴിക്കോട്: എന്തെങ്കിലും കുറ്റകൃത്യം നടന്നാല്‍ നിര്‍ണായക തെളിവുകളാവുന്നവയാണ് ഫിംഗര്‍പ്രിന്റുകള്‍. പക്ഷെ വിരലുകളില്‍ മഷിപുരട്ടി അവ ഫിംഗര്‍പ്രിന്റ് ബ്യൂറോകളിലെത്തിച്ച് കേസിന് തുമ്പുണ്ടാക്കുക എന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമായിരുന്നു. ഈ പഴയ പരിപാടിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് കേരള പോലീസ്. ഇതിന് പകരമായി പോലീസ് സ്റ്റേഷനുകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്റ് മെഷീനുകള്‍. ഇവ കുറ്റവാളികളെ തിരിച്ചറിയാല്‍ മാത്രമല്ല അയാളുടെ ക്രിമിനല്‍ ചരിത്രം വരെ ഇനി ഒറ്റ വിരലമര്‍ത്തിലില്‍ രേഖപ്പെടുത്തിക്കിട്ടും.
കേസുകള്‍ക്ക് തുമ്പുണ്ടാക്കാനായി കഴിഞ്ഞ ദിവസങ്ങളില്‍ ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകള്‍(എഎഫ്ഐഎസ്) പല സ്റ്റേഷനുകളിലും സ്ഥാപിച്ചു.
സംസ്ഥാനത്തെ അഞ്ഞുറോളം പോലീസ് സ്റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീന് ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസലൂഷന്‍ ഫിംഗര്‍ പ്രിന്റ് സ്കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി മിനി സ്കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ ഇയാളുടെ ക്രിമിനല്‍ ചരിത്രം, മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നവയൊക്കെ വ്യക്തമാകും. വിരലിനു പുറമെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്കാനറില്‍ ശേഖരിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്താണ് ഇതിന്റെ നിയന്ത്രണം.
കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സംഭവസ്ഥലത്തെ വിരലടയാളവും കൈപ്പത്തി അടയാളവും അടക്കം ശേഖരിച്ച് മിനുട്ടുകള്‍ക്കകം ഫിംഗര്‍പ്രിന്റ് ബ്യൂറോകളിലെതുമായി ഒത്തുനോക്കാനാവും. ഇത് അന്വേഷണത്തിന് വേഗം കൂട്ടുമെന്നാണ് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 20 ഫിംഗര്‍ പ്രിന്റ് ബ്യൂറോകളെയും കണക്ട് ചെയ്യുന്ന രീതിയിലാണ് പുതിയ സംവിധാനം. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളുടെ വിവരശേഖരണം. സ്കാനറുകള്‍ കമ്പ്യൂട്ടറിലേക്ക് ഘടിപ്പിച്ച് വിവരങ്ങള്‍ കൈമാറുമ്പോള്‍ അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിവരങ്ങള്‍ രേഖപ്പെടുത്തും. സ്ക്രീനില്‍ പ്രതിയുടെ ചരിത്രം തെളിയുകയും ചെയ്യും.
Discussion about this post