കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ടാഗ് ഫ്രീയായി പറക്കാം. യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍ക്കു ടാഗ് ഒഴിവാക്കാന്‍ അനുമതി നല്കി. പരിശോധനകള്‍ക്കു ശേഷം ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയാണ് (ബിസിഎസ്) ഇളവ് അനുവദിച്ചത്. ആഭ്യന്തര, രാജ്യാന്തര ഭേദമന്യേ എല്ലാ യാത്രക്കാര്‍ക്കും ഇളവുണ്ട്. ഇതോടെ ബാഗുകളില്‍ ടാഗ് ഇടാനോ അതു സീല്‍ ചെയ്യാനോ കാത്തുനില്‍ക്കാതെ യാത്രക്കാര്‍ക്കു നേരിട്ടു സുരക്ഷാ പരിശോധനയ്ക്കു പോകാനാകും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി ഹൈ ഡെഫനിഷന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരും അവര്‍ കൈകാര്യം ചെയ്യുന്ന ബാഗേജുകളുമെല്ലാം ഈ ക്യാമറകളുടെ നിരീക്ഷണത്തിലാണ്. വിമാനത്താവളം ഉദ്ഘാടനം ചെയ്ത ദിവസം മുതല്‍ ക്യാമറകള്‍ സജ്ജമാണെങ്കിലും സുരക്ഷാപ്രശ്നങ്ങളുണ്ടാവില്ലെന്നു പരീക്ഷിച്ച് ഉറപ്പാക്കിയ ശേഷമാണു ടാഗ് ഒഴിവാക്കാന്‍ ബിസിഎസ് അനുമതി നല്‍കിയത്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ വിമാനത്താവളങ്ങള്‍ നിലവില്‍ ടാഗ് ഫ്രീ ആണ്. പേപ്പര്ടാഗ് ഒഴിവാക്കുന്നതു പരിസ്ഥിതിക്കും ഗുണകരമാണ്. സ്റ്റേഷനറി ചെലവ് ഇനത്തിലുണ്ടാവുന്ന കുറവ് എയര്‍ലൈനുകള്‍ക്കും നേട്ടമാവും.
Discussion about this post