തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ ബിഎ ഇക്കണോമിക്‌സ് ആണോ പഠിക്കുന്നത്..? പരീക്ഷയില്‍ വട്ടപൂജ്യം നേടിയാലും വിജയിക്കാനുള്ള മാര്‍ക്ക് ഉറപ്പായിട്ടും ലഭിക്കും. കാരണം മറ്റൊന്നുമല്ല പരീക്ഷയിലെ ഏതാനും ചോദ്യങ്ങള്‍ സിലബസിന് പുറത്തു നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരികോരി നല്‍കാന്‍ തീരുമാനം എടുത്തത്.
സിലബസിന് പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെട്ടാല്‍ അവയുടെ മാര്‍ക്ക്, മറ്റ് ചോദ്യങ്ങള്‍ക്ക് വീതിച്ചു നല്‍കുന്ന രീതിയാണ് പൊതുവെ പിന്തുടരുന്നത്. 80 മാര്‍ക്കിന്റെയാണ് പരീക്ഷ. ജയിക്കാന്‍ 24 മാര്‍ക്ക് മാത്രം മതിയാകും. പുറത്ത് നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് 26 മാര്‍ക്ക് നല്‍കാന്‍ തീരുമാനം എടുത്തതോടെ വിജയം സുനിശ്ചിതമായിരിക്കുകയാണ്.
ഇത്തവണ ബിഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ 26 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സിലബസിന് പുറത്തു നിന്നായിരുന്നു. ഇത്രയും മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വെറുതെ നല്‍കാനാണ് സര്‍വകലാശാലയുടെ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കി. പക്ഷേ ഈ നിര്‍ദേശത്തില്‍ അധ്യാപകര്‍ക്ക് അതൃപ്തി ഉണ്ട്. ഇന്റേണല്‍അസെസ്‌മെന്റിന് 20 മര്‍ക്കാണ്. മിക്കവര്‍ക്കും പത്തിന് മുകളില്‍മാര്‍ക്ക് നല്‍കും. 26 മാര്‍ക്കിനൊപ്പം ഇതുകൂടി ചേര്‍ക്കുമ്പോള്‍ വിജയം ഉറപ്പിക്കാം.
Discussion about this post