കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ചത് കാരണം അവതാളത്തിലായ കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായി. ഇന്ന് മുതല്‍ മാലിന്യനീക്കം പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. താല്‍ക്കാലിക പുനരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.
തീപിടുത്തം കാരണം ഒരാഴ്ച്ചയായി കൊച്ചിയിലെ മാലിന്യനീക്കം അവതാളത്തിലായിട്ട്. പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനരാരംഭിക്കാന്‍ തീരുമാനമായത്. മാലിന്യനീക്കത്തിന് ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇനി മുതല്‍ തുറന്ന വാഹനത്തില്‍ മാലിന്യം കൊണ്ടുപോയാല്‍ നഗരസഭകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ദ്രവ മാലിന്യങ്ങള്‍ പ്ലാന്റില്‍ നിന്ന് സമീപത്തുള്ള ജലാശത്തിലേക്ക് ഒഴുക്കുന്നത് തടയുക, പ്ലാന്റിന് ചുറ്റുമതില്‍ നിര്‍മ്മിക്കുക തുടങ്ങിയ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിന്റെ ആവശ്യങ്ങളും യോഗത്തില്‍ അംഗീകരിച്ചു. അതിനാല്‍ ഇനി മാലിന്യനീക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധം നടത്തില്ലെന്ന പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Discussion about this post