തിരുവനന്തപുരം: പുതിയ മാറ്റത്തിനൊരുങ്ങി കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാന്‍ ഒരുങ്ങുന്നു. വകുപ്പ് തല പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒമ്പതിന് പിഎസ്‌സി ട്രയല്‍ പരീക്ഷ നടത്തും. ഉന്നത പരീക്ഷകള്‍ വിവരണാത്മകമാക്കുന്ന കാര്യവും പിഎസ് സിയുടെ പരിഗണനയില്‍ ഉണ്ട്.
ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ വകുപ്പ് തല ഒഎംആര്‍ പരീക്ഷയ്ക്ക് പകരം, ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനാണ് പിഎസ് സി ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിള്‍ക്ക് ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് പരീക്ഷ ഈ മാസം ഒമ്പതിന് നടത്തും. 23 സര്‍ക്കാര്‍- എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലായി 29 കേന്ദ്രങ്ങളും പിഎസ് സിയുടെ നാല് ഓണ്‍ലൈന്‍ കേന്ദ്രങ്ങളുമാണ് പരീക്ഷ നടത്തിപ്പിനായി ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ പരീക്ഷ സംബന്ധിച്ച് എഞ്ചിനീയറിംഗ് കോളേജുകളുമായി ധാരണയിലെത്തിയതായി പിഎസ്‌സി ചെയര്‍മാന്‍ അഡ്വ എകെ സക്കീര്‍ അറിയിച്ചു.
33 കേന്ദ്രങ്ങളിലായി 8404 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഉള്ളത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി അപേക്ഷ നല്‍കിയ 29,633 പേരില്‍ ശേഷിക്കുന്ന 21,229 പേര്‍ക്ക് ഒഎംആര്‍ പരീക്ഷ നടത്തും. ഓണ്‍ലൈന്‍ പരീക്ഷ വിജയമായാല്‍ തൊട്ടടുത്ത ആഴ്ച മുതല്‍ വകുപ്പ് തല പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കാനാണ് തീരുമാനം.
Discussion about this post