കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. വടവുകോട് പുത്തന്‍കുരിശ് പഞ്ചാത്തംഗങ്ങളായ ബീനയുടെയും കെപി വിശാഖിന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ മാലിന്യവുമായി എത്തിയ ലോറികള്‍ തടഞ്ഞത്. പത്തോളം ലോറികളാണ് നാട്ടുകാര്‍ തടഞ്ഞത്. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം പോലീസ് ഇടപെട്ടാണ് വാഹനങ്ങള്‍ പ്ലാന്റിലേക്ക് കടത്തിവിട്ടത്.
ആറുദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതുകാരണം എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌ക്കരണം പ്രതിസന്ധിയില്‍ ആയിട്ട്. ഇന്നലെ രാത്രി വൈകിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങളുമായി പത്തോളം ലോറികള്‍ ബ്രഹ്മപുരം മിലിന്യ പ്ലാന്റിലേക്ക് എത്തിയത്. മാലിന്യവുമായി എത്തിയ ലോറികള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ താക്കോലും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചു വാങ്ങി. സംഭവം അറിഞ്ഞ് സ്ഥത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കി.
വാഹങ്ങളുടെ താക്കോല്‍ തിരികെ നല്‍കി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന കര്‍ശന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് താക്കോല്‍ തിരികെ നല്‍കിയെങ്കിലും മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ ഇന്നും തടയുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ മടങ്ങിയത്.
നിലവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രമേ എത്തിക്കുന്നുള്ളൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ പ്ലാസ്റ്റിക് എത്തിക്കുയുള്ളുവെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ നിലപാട്.