കൊല്ലം: നാട് എത്ര പുരോഗമിച്ചന്ന് പറഞ്ഞിട്ടും കാര്യമില്ല.. നമ്മുടെ അധികാരികള്‍ ഇതാ ഈ അമ്മയേയും മകനേയും ഒ!ന്ന് തിരിഞ്ഞു നോക്കുന്നില്ല. പ്രളയത്തിന്റെ സമയത്തും കനത്ത മഴ ഉള്ളപ്പോഴും നിലം പൊത്താറായ കൂരയില്‍ ഒമ്പതു വയസ്സുകാരന്‍ മകനെയും ചേര്‍ത്തു പിടിച്ച് ഒരമ്മ കാത്തിരുന്നു ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച്
അമ്മ കൈമാറിത്തന്ന 31 സെന്റ് സ്ഥലം റീസര്‍വേ നടത്തിക്കിട്ടണം എന്നുമാത്രമേ ചാത്തന്നൂര്‍ സ്വദേശിനിയായ ആശയ്ക്ക് ആശയുള്ളൂ. എന്നിട്ടു വില്ലേജ് ഓഫിസില്‍ കരമടച്ചു വസ്തു പേരില്‍ കൂട്ടണം.എന്നാലേ അതിലൊരു കൂര ഉയരൂ. അതിനായി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഈ വീട്ടമ്മ മുഖ്യമന്ത്രി മുതല്‍ തഹസീല്‍ദാര്‍ വരെയുള്ളവരുടെ മുന്നില്‍ തൊഴുകൈകളുമായി നില്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷം 7കഴിഞ്ഞു കൊല്ലം താലൂക്ക് ഓഫിസിലെ റീ സര്‍വേ ഓഫിസില്‍ എല്ലാ ബുധനാഴ്ചയും കുറെ രേഖകളുമായി ആശ എത്തും.
അമ്മ എല്‍സിയുടെ പേരിലുള്ളതായിരുന്നു ഈ ഭൂമി. 25 വര്‍ഷം മുമ്പ് എല്‍സി മരിച്ചു. തനിക്ക് അവകാശപ്പെട്ട വസ്തു സ്വന്തം പേരിലേക്കു മാറ്റാന്‍ ചെന്നപ്പോഴാണ് റീസര്‍വേ എന്ന കുരുക്ക് ആശ അറിയുന്നത്. ജനസമ്പര്‍ക്ക പരിപാടികളിലും അദാലത്തുകളിലും മകനെയും കയ്യില്‍പിടിച്ച് ആശ ചെന്നു. അടിയന്തര നടപടി വേണമെന്ന് എല്ലാവരും കുറിച്ചെങ്കിലും ഒന്നും നടന്നില്ല. രണ്ടു മൂന്നു തവണ വസ്തു അളക്കാന്‍ ചിലര്‍ വന്നു മടങ്ങി. രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ കലക്ടര്‍ ഈ വേദന കണ്ടു ഫയലിലെഴുതി: ‘ എത്രയോ നാളായി കെട്ടിക്കിടക്കുന്ന കേസാണ്. ഉടന്‍ നടപടി വേണം…’
ചാത്തന്നൂര്‍- മരക്കുളം റോഡിനോരത്ത് തറനിരപ്പില്‍നിന്ന് ഇരുപതടി ഉയരത്തിലാണ് ആശയുടെ ഭൂമിയും കൂരയും. വീട് എന്നു പറയാനൊന്നുമില്ല. ചെളിക്കെട്ട കെട്ടിയത്. മേല്‍ക്കൂരയൊന്നുമില്ല. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതു പറന്നുപോകാതിരിക്കാന്‍ കയറിട്ടു കെട്ടിയിരിക്കുന്നു. ഒറ്റമുറിയും അടുക്കളയും. മുറിയല്ല, ഇരുണ്ട ഗുഹ. അടുക്കളയല്ല, കല്ല് ചേര്‍ത്തുവച്ച അടുപ്പു മാത്രം.
ചെളിക്കട്ടകള്‍ വിണ്ടുകീറി ഏതു നിമിഷവും നിലംപതിക്കാം. പെയ്ത മഴയെല്ലാം വീടിനകത്തുവന്നു. അവിടെ അമ്മയും നാലാം ക്ലാസുകാരന്‍ മകനും നനഞ്ഞു വിറച്ചു. ആരും അറിഞ്ഞില്ല.ആശയുടെ ദുരിതം കണ്ടു ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് നാലു തവണ വീട് അനുവദിച്ചു. വസ്തു പേരില്‍ക്കൂട്ടി കരമൊടുക്കാന്‍ കഴിയാത്തതിനാല്‍ അതു നടന്നില്ല. വീടിനുള്ള ഇപ്പോഴത്തെ പട്ടികയിലും ആശയുടെ പേരുണ്ട്.റീസര്‍വേ കഴിയാതെ അതും നടക്കില്ല. വാടകയ്ക്കു താമസിക്കുന്നുവെന്ന പേരില്‍ തരപ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ ബലത്തില്‍ മാസം 10 കിലോ അരി കിട്ടും. അതു കഞ്ഞിവച്ചു കുടിച്ച് ജീവിക്കുമ്പോള്‍ ‘എനിക്കു മാത്രമെന്തേ ഇങ്ങനെയൊരു വിധി’ എന്ന ആശയുടെ കരച്ചില്‍ കാറ്റിലും മഴയിലും ഒഴുകിപ്പോയി.
Discussion about this post