പത്തനംതിട്ട: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായി. പുലി, കാട്ടുപന്നി, ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വനത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. സന്ധ്യക്ക് ശേഷം തനിച്ചുള്ള യാത്ര ഒഴിവാക്കണമെന്നും വീട്ടിലുള്ള വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ കെട്ടിയിടണമെന്നും വനംവകുപ്പ് നിര്‍ദേശം നല്കി.
പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ റാന്നി, കോന്നി എന്നിവിടങ്ങളിലെ വനമേഖലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ വന്യമൃഗങ്ങള്‍ കൂട്ടമായി എത്തുന്നത്. ആന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ നാട്ടിലിറങ്ങി വിളകള്‍ നശിപ്പിക്കുകയാണ്. സന്ധ്യയ്ക്ക് ശേഷം മലയോര മേഖലയില്‍ കൂടിയുള്ള യാത്രയ്ക്കും വന്യ മൃഗങ്ങള്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
വേനല്‍ ശക്തമായതോടെ കാട്ടിലെ നീരുറവകള്‍ വറ്റിവരണ്ടതാണ് വന്യ മൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങാന്‍ കാരണം. വൈദ്യുതി വേലി ഇല്ലാത്ത മേഖലയിലാണ് വന്യമൃഗ ശല്യം രൂക്ഷമായിരിക്കുന്നത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ വനംവകുപ്പ് വിവിധ സംഘംങ്ങളെ സ്ഥലങ്ങളില്‍ വിന്യസിച്ചിരിക്കുകയാണ്.
Discussion about this post