തൃശ്ശൂര്‍: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തന്റെ ശോഭ കെടുത്തി വീണ്ടും വിവാദം. അങ്കിള്‍ സിനിമയിലൂടെ മികച്ച കഥാകൃത്തിനുള്ള ജോയ് മാത്യുവിന്റെ പുരസ്കാരലബ്ധിയാണ് വിവാദത്തെ വീണ്ടും ആളിക്കത്തിച്ചിരിക്കുന്നത്. നേരത്തെ, അങ്കിള്‍ സിനിമയുടെ കഥ, ജോയ് മാത്യു തന്റെ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ഇരകള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ സിനിമയുടെ സംവിധായകന് മനോജ് വി രാമന് രംഗത്തെത്തിയിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇരകള്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ തനി മോഷണമാണ് ‘അങ്കിള്‍’ എന്നാണ് മനോജ് ആരോപിക്കുന്നത്. ദൂരയാത്ര കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുന്ന ബിസിനസുകാരനും അയാളുടെ കൂടെ അത്യാവശ്യ ഘട്ടത്തില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതയായ പെണ്‍കുട്ടിയും അനുഭവിക്കേണ്ടി വരുന്ന സദാചാര പോലീസ് ആക്രമണവും പിന്നീട് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളുമാണ് ഇരകള്‍ എന്ന 30 മിനിറ്റ് നീണ്ടു നില്ക്കുന്ന ചിത്രം കൈകാര്യം ചെയ്യുന്നത്.
ഇതേ കഥാ തന്തു കൈകാര്യം ചെയ്യുന്ന അങ്കിള്‍ സിനിമയ്ക്ക് ജോയ് മാത്യു തിരക്കഥ ഒരുക്കിയത് ഇരകള്‍ കോപ്പിയടിച്ചാണെന്നാണ് മനോജ് വി രാമന്റെ പ്രധാനവാദം. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അങ്കിള്‍ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കേവലം യാദൃശ്ചികമല്ല ഇരകളും അങ്കിളും തമ്മിലുള്ള സാമ്യതയെന്നും അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഇരകള്‍ ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷിജു, സോനാ നായര്‍, സോന,കവിത ശ്രീ, രാഹുല്‍ തുടങ്ങിയവരായിരുന്നു. ശശി രാമചന്ദ്രന് ഛായാഗ്രാഹണവും ജിതിന്-സജീഷ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് സാറാ ഫിലിപ്പാണ്.
ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഇരകള്‍ എന്ന ഹ്രസ്വ ചിത്രം തൃശ്ശൂര്‍ ശ്രീ തീയ്യേറ്ററില്‍ അന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ‘മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെന്‍സര്‍ ചെയ്തതായിരുന്നു ഇരകള്‍. അങ്കിള്‍ പുറത്തിറങ്ങിയതോടെയാണ് ഇരകള്‍ കോപ്പിയടിക്കപ്പെട്ടു എന്ന് മനസിലായത്. ഇതോടെ 30 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഇരകള്‍ ചിത്രത്തിന്റെ കോപ്പി, യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് സംവിധായകന് മനോജ് ബിഗ്ന്യൂസിനോട് പറഞ്ഞു.
ഇതിനിടെ, ചിത്രത്തിന്റെ കഥ മോഷ്ടിക്കപ്പെട്ടതായി സംശയമുയര്‍ന്നതോടെ സംവിധായകന് മനോജിന്റെ ചില സുഹൃത്തുക്കള്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ചിത്രം റിലീസായ സമയത്ത് തന്നെ തങ്ങളുടെ സംശയങ്ങള്‍ പലതവണ പരസ്യമായി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്രനാളുകളായിട്ടും വിവാദം ചൂടുപിടിച്ചിട്ടും ജോയ് മാത്യു പ്രതികരിച്ചിട്ടില്ല. സാധാരണ കമന്റുകള്‍ക്ക് റിപ്ലെ കൊടുക്കാറുള്ള ജോയ് മാത്യു ഇത്തരത്തില്‍ ഗുരുതരമായ ആരോപണം തനിക്കെതിരെ ഉയര്‍ന്നിട്ടും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നാണ് അണിയറപ്രവര്‍ത്തകുടെ ആരോപണം.
നേരത്തെയും അങ്കിളിനെതിരെ കോപ്പിയടി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജയലാല്‍ കഥയെഴുതി സുരേഷ് ഇരിങ്ങാലൂര്‍ തിരക്കഥയും സംവിധാനവും ചെയ്യാനൊരുങ്ങിയ മഴ പറയാന്‍ മറന്നത് എന്ന ചിത്രത്തിന്റെ കോപ്പിയാണ് അങ്കിളെന്ന് നിര്‍മ്മാതാവ് കുഞ്ഞി നാരായണന് നീറ്റുപുറത്ത് ആരോപിച്ചിരുന്നു.
അതേസമയം, ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്ന അങ്കിള്‍ സിനിമയുടെ കഥയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിവാദത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.
Discussion about this post