തിരുവനന്തപുരം: ശബരിമല മണ്ഡല വിളക്ക് സീസണില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ചുമതലകള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ ഡിജിപി തീരുമാനമെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തും ശബരിമലയിലുമായി നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എഡിജിപി എസ് ആനന്ദ കൃഷ്ണനാണ് സേനയുടെയും അനുബണ്ഡ സംവിധാനങ്ങളുടെയും ഏകോപനച്ചുമതല നല്‍കിയിരിക്കുന്നത്. എഡിജിപി അനില്‍ കാന്തിനെ ചീഫ് പൊലീസ് കണ്‍ട്രോളറായും ഐജി മനോജ് എബ്രഹാമിനെ ജോയിന്റ് പോലീസ് കണ്‍ട്രോളറായും നിയോഗിച്ചു. സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാച്ചുമതല രണ്ട് ഐജിമാര്‍ക്കാണ്. എട്ട് എസ്പിമാരെയും ശബരിമലയില്‍ വിന്യസിക്കും.
സ്ത്രീപ്രവേശന വിഷയവുമായി മണ്ഡലകാലത്ത് സംഘര്‍ഷ സാധ്യത ഉണ്ടാകാമെന്നും മരണം വരെ സംഭവിക്കാമെന്നും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.