കൊച്ചി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് രാജ്യങ്ങള്‍ പരസ്പരം പോര് വിളി മുഴക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ശക്തമായ സുരക്ഷയും ഒപ്പം യുദ്ധസജ്ജമാവാനും പടക്കപ്പലുകള്‍ക്ക് നാവികസേന നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.
അതേസമയം, കൊച്ചിയിലും അതീവ ജാഗ്രത നല്കി. രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയെന്നതിനാല്‍ എതിരാളികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നും കൊച്ചിയാകുമെന്ന വിലയിരുത്തലിലാണ് എല്ലാ മേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. തീരദേശ മേഖലയില്‍ കര്‍ശന നിരീക്ഷണവും, പരിശോധനകളുമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ഇന്നലെ രാത്രി ചേര്‍ന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിന് ശേഷമാണ് നാവികസേന നിര്‍ദ്ദേശം നല്‍കിയത്.
നേവി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ്, കസ്റ്റംസ് വിഭാഗങ്ങള്‍ക്കെല്ലാം അതീവ ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കടല്‍ മാര്‍ഗ്ഗമുള്ള ഏതാക്രമണത്തെയും, കടന്നുവരവിനെയും മുന്നില്‍ക്കണ്ടാണ് പരിശോധനകള്‍.
കൊച്ചി നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷന് സെന്റര്‍ കേന്ദ്രീകരിച്ചാണ് വിവിധ സുരക്ഷാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്. മാഹി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ സുരക്ഷാ നടപടികളാണ് കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷന് സെന്ററില്‍ നിയന്ത്രിക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. കൊച്ചിയിലെ തന്ത്രപ്രധാന ഭാഗങ്ങളും, ജനങ്ങള്‍ വലിയ തോതില്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
Discussion about this post