തൃശ്ശൂര്‍: യുദ്ധവിമാനം കണ്ടിട്ടുണ്ടോ.. ഇതാ തൃശ്ശൂര്‍ ജവഹര്‍ ബാലഭവന്റെ മുറ്റത്തു കമ്പിവേലിക്കുള്ളില്‍ ഒരു വിമാനം വിശ്രമിക്കുന്നുണ്ട്. പുള്ളിക്കാരന്റെ കഥ കേട്ടാല്‍ ആരും എഴുന്നേറ്റ് നിന്ന് സല്യൂട്ടടിക്കും.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ഔദ്യോഗിക രേഖകളില്‍ ‘ഫോളണ്ട് നാറ്റ് / ഹാല്‍ അജീത് ഇ 1983’ എന്നൊരു യുദ്ധവിമാനത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. അദൃശ്യനെന്ന വിളിപ്പേരില്‍ പാകിസ്താനെതിരെ യുദ്ധത്തില്‍ പങ്കെടുത്ത ഒന്നാന്തരം ഫൈറ്റര്‍ ജെറ്റ്! ഇന്ന് ബാലഭവന്റെ മുറ്റത്ത് മഴയും വെയിലുമേറ്റു കിടക്കുകയാണ്..
1991ല്‍ ആണ് ബാലഭവനില്‍ യുദ്ധവിമാനം അതിഥി ആയെത്തുന്നത്. യുദ്ധരംഗത്തു നിന്നു വിരമിച്ച വിമാനങ്ങളെ പ്രദര്‍ശനോദ്ദ്യേശത്തോടെ സംരക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച്ചതോടെ തിരുവനന്തപുരം ബാലഭവനിലാണ് ആദ്യം വിമാനമെത്തുന്നത്. തിരുവനന്തപുരത്തു പോയി വിമാനം കണ്ടു മടങ്ങിയെത്തിയ ബാലഭവന്‍ ഭരണസമിതിയംഗങ്ങള്‍ തൃശൂരിലും വിമാനം വേണമെന്ന മോഹവുമായി അധ്വാനം തുടങ്ങി. ആവശ്യം അംഗീകരിക്കപ്പെട്ടതോടെ ബംഗളൂരു ബേസില്‍ നിന്നായിരുന്നു വിമാനത്തിന്റെ വരവ്. റോഡ് മാര്‍ഗം രണ്ടു ലോറികളിലായി വിമാനം പല ഘടകങ്ങളായി അഴിച്ചെടുത്തു തൃശ്ശൂരിലെത്തിച്ചു. എച്ച്എഎല്ലില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുടെ സംഘം തൃശ്ശൂരിലെത്തിയാണ് ഇതു കൂട്ടിച്ചേര്‍ത്തത്.
എന്‍ജിനും അനുബന്ധ യന്ത്രഭാഗങ്ങളും കോക്പിറ്റിനുള്ളിലെ യന്ത്രസംവിധാനങ്ങളും നേരത്തെ അഴിച്ചുമാറ്റിയിരുന്നു. ഇതോടെ ചില ഭാഗങ്ങളില്‍ വലിയ ദ്വാരം ഉണ്ടായെങ്കിലും ഇരുമ്പുതകിട് വിളക്കിച്ചേര്‍ത്ത് അടച്ചു. പ്രദര്‍ശനത്തിന്റെ ആദ്യനാളുകളില്‍ കുട്ടികള്‍ക്കു വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ കയറാന്‍ അവസരം നല്‍കിയിരുന്നു. പിന്നീട് കോക്പിറ്റും അടച്ചുകെട്ടി. വിമാനത്തിനു ചുറ്റും കമ്പിവേലിയും നിര്‍മിച്ചു.
Discussion about this post