തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് 108 ആംബുലന്‍സിന്റെ വൈദ്യസഹായതോടെ യുവതിക്ക് വീട്ടില്‍ സുഖപ്രസവം. മണക്കാട് കുട്ടുകല്ലിമൂഡ് വിശ്വനന്ദ ലെയ്‌നില്‍ മുഹമ്മദ് ഷബീറിന്റെ ഭാര്യ ബുഷ്റ(25) ആണ് വീട്ടില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ചൊവ്വാഴ്ച വൈകിട്ടോടെ ബുഷ്റയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ 108 ആംബുലന്‍സിന്റെ സഹായം തേടുകയായിരുന്നു. കട്രോള്‍ റൂമില്‍ നിന്ന് വിവരം അറിയിച്ചത് അനുസരിച്ച് ഉടന്‍ തന്നെ ഫോര്‍ട്ട് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്ന 108 ആംബുലന്‍സിലെ പൈലറ്റ് ചഞ്ചു കുമാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്ക്‌നീഷ്യന്‍ വൈശാഖ് എന്നിവര്‍ ബുഷ്റയുടെ വീട്ടില്‍ എത്തി.
നേഴ്സ് വൈശാഖ് നടത്തിയ പരിശോധനയില്‍ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ അവസ്ഥ മോശമായതിനാല്‍ വൈശാഖ് വീട്ടില്‍ വെച്ചുതന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യുകയായിരുന്നു.
ആറു മണിയോടെ ബുഷ്റ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടനെ തന്നെ അമ്മയെയും കുഞ്ഞിനെയും 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post