തൃശ്ശൂര്‍: കടത്തില്‍ മുങ്ങി കൊച്ചിന് ദേവസ്വം ബോര്‍ഡ്. നിലവിലെ സാഹചര്യം മറികടക്കാന്‍ 18 കോടിയുടെ സ്വര്‍ണ്ണം വില്ക്കാന് ഒരുങ്ങുകയാണ്. വരുമാന നഷ്ടമാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളി വിട്ടത്. സ്വര്‍ണ്ണം വില്‍ക്കുന്ന കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടിയതില്‍ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളത്.
ബോര്‍ഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍, ഇതിനായുള്ള ശ്രമത്തിലാണ് ബോര്‍ഡ്. നിലവില്‍ ബാങ്കിലുള്ള സ്വര്‍ണ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായി. കുറഞ്ഞപലിശയാണ് ഇതിന് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ട് നിക്ഷേപം പുതുക്കുന്നതിന് പകരം സ്വര്‍ണം ഉരുക്കി വില്‍പ്പന നടത്താനാണ് ആലോചന.
കുറച്ച് സ്വര്‍ണം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ലോക്കറ്റാക്കിയും വില്‍പ്പന നടത്തുന്നതിനുമാണ് ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് എബി മോഹനന് പറയുന്നു. 55 കിലോഗ്രാം സ്വര്‍ണ്ണമാണ് ആസ്തിയിനത്തില്‍ ഉള്ളത്. എന്നാല്‍ നിഷ്ക്രിയ ആസ്തിയായുള്ള സ്വര്‍ണ്ണത്തിന്റെ മറവില്‍ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ അടക്കമുള്ളവ വില്‍ക്കാനാണ് നീക്കമെന്ന് ഒരു വിഭാഗം ജീവനക്കാരുടെ സംഘടന ആരോപിക്കുന്നു.
Discussion about this post