തിരുവനന്തപുരം: കണ്ണൂരില്‍ മാരാര്‍ജി ഭവന് ഉദ്ഘാടനത്തിനായുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വേണ്ടിയിരുന്നില്ലെന്ന നിലപാടില്‍ സംസ്ഥാന ബിജെപി നേതൃത്വം. അമിത് ഷായുടെ പ്രസംഗം പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ശബരിമല വിഷയം മുതലെടുത്ത് പാര്‍ട്ടി ജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത തരംഗം അമിത് ഷായുടെ ഒറ്റ പ്രസംഗത്തോടെ മണ്ണടിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അമിത് ഷായുടെ കണ്ണൂര്‍ പ്രസംഗത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നതോടെ അദ്ദേഹമുദ്ദേശിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലല്ലെന്ന് വിശദീകരിച്ച് ബിജെപിക്ക് രംഗത്തെത്തേണ്ടി വരികയും ചെയ്തിരുന്നു.
ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളാണ് അമിത് ഷാ ഉദ്ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തതോടെയാണ് ബിജെപി വെട്ടിലായത്. സംസ്ഥാന നേതൃത്വം അമിത് ഷായുടെ പ്രസ്താവനയെ ആദ്യം ആഘോഷിച്ചെങ്കിലും ഇപ്പോള്‍ വിശദീകരണം നല്കി ക്ഷീണിച്ചിരിക്കുകയാണ്.
‘ആചാരങ്ങള്‍ തടയാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിനെ വലിച്ചുതാഴെയിടാന്‍ മടിക്കില്ല’ എന്നായിരുന്നു കഴിഞ്ഞദിവസം കണ്ണൂരില്‍ അമിത് ഷാ പ്രസംഗിച്ചത്.
ഭരണഘടനയേയും സുപ്രീം കോടതിയേയും വെല്ലുവിളിച്ച് ഇടതുസര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന പ്രസ്താവനക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. പരമോന്നത കോടതി പോലും തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് നീങ്ങണമെന്ന അമിത് ഷായുടെ ഭീഷണി തിരുത്തണമെന്ന് സാമൂഹ്യരാഷ്ട്രീയ നേതാക്കളും നിയമജ്ഞരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഇതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തിലെ ജനങ്ങള്‍ തിരിയുമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മലക്കം മറിഞ്ഞു.
ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്നാണ് ദേശീയ അധ്യക്ഷന്‍ പറഞ്ഞതെന്നും അല്ലാതെ, കേന്ദ്രസര്‍ക്കാര്‍ ഇടപെടലല്ല ഉദ്ദേശിച്ചതെന്നുമായിരുന്നു ശ്രീധരന് പിള്ളയുടെ ന്യായീകരണം.
അമിത് ഷായുടെ പ്രസംഗം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചന്ന് ആയിരുന്നു ബിജെപിയുടെ അടുത്ത ന്യായീകരണം. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ ഭരണഘടന അനുശാസിക്കുന്ന വിധത്തിലേ കഴിയൂ. ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച് നീങ്ങാനുള്ള സാഹചര്യങ്ങളുണ്ടാവണം. കേരളത്തില്‍ നിലവില്‍ അത്തരമൊരു അവസ്ഥയില്ലെന്നായിരുന്നു ബിജെപി നേതാവ് ശ്രീധരന് പിള്ള പറഞ്ഞത്.
ഇടതുസര്‍ക്കാരിന് കിട്ടിയ ഭരണം ബിജെപിയുടെ ദയാദാക്ഷിണ്യത്തിലല്ല എന്നുപറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തിയിരുന്നു.
ഞായറാഴ്ച ദേശീയതലത്തിലേക്കും പ്രതിഷേധം കനത്തു. കോണ്‍ഗ്രസ്, സിപിഎം. പൊളിറ്റ്ബ്യൂറോ, ബിഎസ്പി നേതാവ് മായാവതി, വിവിധ ഇടതുനേതാക്കള്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങി ഒട്ടേറെപ്പേര്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Discussion about this post