വെങ്ങര: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മാപ്പ് ഉണ്ടായിട്ടും വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കര്‍ലോറികള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയ കഥയാണ് നാട്ടുകാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെ രാത്രി 1.30ന് വെങ്ങരയിലാണു സംഭവം.
പഴയങ്ങാടി കെഎസ്ടിപി റോഡ് വഴി പയ്യന്നൂര്‍ ഭാഗത്തേക്കു വന്ന ടാങ്കര്‍ ലോറികളാണ് മാടായിപ്പാറ – കീയ്യച്ചാല്‍ റോഡ് വഴി വെങ്ങര അമ്പുകോളനി റോഡില്‍ എത്തിച്ചേര്‍ന്നത്. കഷ്ടിച്ച് ഒരു ടിപ്പര്‍ ലോറിക്ക് മാത്രം പോകാന്‍ പറ്റുന്ന ചെങ്കുത്തായ ഇറക്കങ്ങളും വളവുകളുമുള്ള റോഡിലൂടെയാണ് വലിയ ഗ്യാസ് ടാങ്കര്‍ലോറികള്‍ വന്നത്. ലോറി റോഡരികിലെ മരങ്ങളിലും മറ്റുമിടിച്ചു. ലോറികളില്‍ ഗ്യാസ് ഉണ്ടായിരുന്നില്ല. ലോറികള്‍ക്ക് മുംബൈയിലേക്കാണു പോകേണ്ടത്.
തുടര്‍ന്ന് രാവിലെ റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറികള്‍ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. പഴയങ്ങാടി പോലീസ്, കെഎസ്ഇബി അധികൃതര്‍ വഴി ഇടപെട്ട് വൈദ്യുത ബന്ധം വിഛേദിച്ചു. നാട്ടുകാരുടെ സഹായത്തോടെ ലോറികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കി. രാത്രി 1.30ന് എത്തിയ ലോറി രാവിലെ എട്ടോടെയാണ് മാടായിപ്പാറ വഴി തിരികെപ്പോയത്.
Discussion about this post