കെഎസ്ഇബി ജീവനക്കാരന്‍ ഭാര്യയെ അപമാനിച്ചെന്ന പരാതി പറയാനെത്തിയ യുവാവിന് കടവന്ത്ര പോലീസിന്റെ ക്രൂര മര്‍ദ്ദനം; 60,000 രൂപയും എടിഎം കാര്‍ഡുകളും തട്ടിയെടുത്തു പോലീസിന്റെ ‘ജനമൈത്രി’

കെഎസ്ഇബി ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പറയാനെത്തിയ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം.

കൊച്ചി: വൈറ്റിലയില്‍ വെച്ച് കെഎസ്ഇബി ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പറയാനെത്തിയ യുവാവിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കടവന്ത്ര സ്‌റ്റേഷനില്‍ പരാതി പറയാനെത്തിയ വൈറ്റിലയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന തൃശൂര്‍ സ്വദേശി ആല്‍ഫ്രഡിനെയാണ് പ്രിന്‍സിപ്പല്‍ എസ്‌ഐ, എഎല്‍ അഭിലാഷ് മര്‍ദ്ദിച്ചത്. പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരം രൂപയും എസ്‌ഐ തട്ടിയെടുത്തുവെന്ന് ആല്‍ഫ്രഡ് ആരോപിക്കുന്നു.

വൈറ്റിലയിലെ സ്ഥാപനത്തില്‍ വച്ച് കെഎസ്ഇബി ജീവനക്കാരന്‍ തന്റെ ഭാര്യയെ അപമാനിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് കടവന്ത്ര സ്റ്റേഷനിലെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ മര്‍ദിച്ചുവെന്നാണ് ആല്‍ഫ്രഡ് പറയുന്നത്. തെളിവായി ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ആല്‍ഫ്രഡ് കാണിക്കുന്നുണ്ട്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ടി ചെയ്തിരിക്കുന്നത്.

ഫോണുകള്‍ പിടിച്ചുവാങ്ങിയശേഷം സ്റ്റേഷനിലെ ബാത്ത്‌റൂമിനു സമീപത്ത് വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ആല്‍ഫ്രഡ് പറയുന്നു. അതുവരെ വാദിയായിരുന്ന തന്നെ, കെഎസ്ഇബി ജീവനക്കാരനെക്കൊണ്ട് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന് പരാതി എഴുതിവാങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ആല്‍ഫ്രഡ് ആരോപിക്കുന്നു. ആല്‍ഫ്രഡിനെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തെങ്കിലും ജാമ്യമില്ലാ വകുപ്പ് മജിസ്‌ട്രേറ്റ് റദ്ദാക്കി. ഉടന്‍ ജാമ്യവും അനുവദിച്ചു.

പിടിച്ചെടുത്ത വസ്തുവകകള്‍ തിരിച്ചുനല്‍കിയപ്പോള്‍ കെട്ടിടത്തിന്റെ വാടക നല്‍കാനായി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപയും എടിഎം കാര്‍ഡുകളും തിരിച്ചുനല്‍കിയില്ലെന്നാണ് ആല്‍ഫ്രഡ് പരാതിപ്പെടുന്നത്.

നാലുദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആല്‍ഫ്രഡ് ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ തുടരുകയാണ്. എസ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആല്‍ഫ്രഡിന്റെ ഭാര്യ ഡിജിപിക്കും പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version