തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍. സിആര്‍പിസി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം നല്കാന് അധികാരം ഐജി മനോജ് എബ്രഹാമിനും പത്തനംതിട്ട എസ്പി നാരായണനും മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
മുന്‍പ് ഈ അധികാരം ഉപയോഗിച്ചാണ് നിലയ്ക്കലില്‍ പൊലീസ് നടപടിക്ക് മനോജ് എബ്രഹാം നേതൃത്വം നല്‍കിയത്. അതേസമയം പമ്പയിലും സന്നിധാനത്തും ചുമതല ഉണ്ടായിരുന്ന ഐജി ശ്രീജിത്തിനെ മാറ്റി. ശ്രീജിത്തിന് പകരം അധികാരം രണ്ടായി വിഭജിച്ച് നല്‍കിയത് മാത്രമാണ് ഇപ്പോഴത്തെ മാറ്റമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സന്നിധാനത്ത് ഐജി പിവി ജയനും പമ്പയില്‍ എംആര്‍ അജിത്ത് കുമാറും സുരക്ഷാ ചുമതലക്ക് മേല്‍ നോട്ടം വഹിക്കും. എല്ലാ സീസണിലേയും പോലെ ഈ രണ്ട് സ്ഥലങ്ങളിലും എസ്പി റാങ്കിലുള്ളവര്‍ക്കുള്ള ചുമതലക്ക് പുറമെയാണിത്.
ഐജിമാരായ വിജയനും അജിത്ത് കുമാറും മനോജ് എബ്രഹാമിന്റെ വളരെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ കൂടിയാണ് എന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് മറ്റു സീനിയോരിറ്റി തടസ്സങ്ങള്‍ ഒന്നും തന്നെയില്ലയെന്നും. ക്രമസമാധാന പാലനം സുഗമമാക്കുന്നതിനായി നടത്തിയ ഈ മാറ്റങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്നത് തെറ്റിധാരണ പരത്തുന്നതിനാണെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
Discussion about this post