അരുവായി: ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകള്‍ വിരണ്ടോടി പൂരം കാണാനെത്തിയവരെ പരിഭ്രാന്തിയിലാക്കി. വാഹനം കുത്തിമറിച്ചിട്ടും വിരണ്ടോടിയ ഒരു കൊമ്പന്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എങ്കിലും അധികം വൈകാതെ അമ്പതോളം വരുന്ന കൊമ്പനാനകളെ തളയ്ക്കാനായത് വന്‍അപകടമുണ്ടാകാതെ കാത്തു.
പ്രാദേശിക ദേശക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. ആളുകളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശിയതോടെ ആനകള്‍ വിരണ്ടോടി. അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനിടെയാണ് സംഭവം. ആനകള്‍ ഇടഞ്ഞ് ഓടിയതോടെ കൂട്ടിയെഴുന്നള്ളിപ്പ് അലങ്കോലപ്പെട്ടു. ഇടഞ്ഞ ആനകളെ വേഗത്തില്‍ തളയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പ്രാദേശിക കമ്മിറ്റികളുടെ ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്ന് ദേവസ്വം പൂരം അണിനിരക്കുന്നതിനിടെയാണ് ദേശക്കമ്മിറ്റികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതും ലാത്തി വീശലുണ്ടായതും.
പൂരം കാണാനെത്തിയവര്‍ ചിതറിയോടി ആനകള്‍ക്ക് സമീപമെത്തിയതോടെ കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണന്‍ പിന്നിലേക്ക് തിരിഞ്ഞു. പാപ്പാന്‍മാര്‍ ആനയെ പിന്തുടര്‍ന്ന് നിയന്ത്രിച്ചു. തുടര്‍ന്ന് തണ്ണിമത്തനും പഴവും നല്‍കിയ ശേഷം ആനയെ കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരത്താനായി തിരിച്ചതോടെ ആന മുന്നോട്ടോടി.
കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്ന ആനകള്‍ക്ക് സമീപത്തേക്ക് കൊമ്പന്‍ ഗോപാലകൃഷ്ണന്‍ പാഞ്ഞടുത്തതോടെ പൂരത്തിന് എത്തിയ അന്‍പതോളം ആനകളും തിരിഞ്ഞു. കൊമ്പന്‍ ഗോപാലകൃഷ്ണനെ നിയന്ത്രിച്ചെങ്കിലും മറ്റ് ആനകള്‍ പല ഭാഗത്തേക്കും തിരിഞ്ഞു. പാപ്പാന്‍മാര്‍ ആനകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ ചിറയ്ക്കല്‍ പരമേശ്വരനെ നിയന്ത്രിക്കാനായില്ല. മുന്നിലേക്ക് കുതിച്ച ആന പൂരപ്പറമ്പിലെ തണ്ണിമത്തന്‍ വില്‍പനക്കെത്തിയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. തുടര്‍ന്ന് സമീപത്തെ ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങിയ ആനയെ അരുവായി റോഡില്‍ വടമെറിഞ്ഞ് തളച്ചു.
ഏറെ നേരം വടം പൊട്ടിക്കാനും പാപ്പാന്‍മാരെ ആക്രമിക്കാനും തുനിഞ്ഞ ആന പിന്നീട് ശാന്തനായി. ആനപ്പുറത്തുണ്ടായ യുവാവിനെ അരമണിക്കൂറോളം കഴിഞ്ഞാണ് താഴെ ഇറക്കാനായത്.