തിരുവനന്തപുരം: കേരളാ സര്‍ക്കാരിന് അഭിമാന നിമിഷങ്ങള്‍. സര്‍ക്കാരിന്റെ 1000 ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തത് 937.45കോടി രൂപ. 2.57 ലക്ഷം പേര്‍ക്കാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. 2 വര്‍ഷം കേരളത്തെ നടുക്കിയ ഓഖി, പ്രളയ ദുരിതാശ്വാസ സഹായം ഉള്‍പ്പെടാതെയാണ് ഈ തുക.
അതേസമയം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനകം നല്കിയതിനേക്കാള് തുക ആയിരം ദിനത്തിനകം സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
* ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുരിതാശ്വാസ നിധി നിബന്ധനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വരുത്തി.
* ദുരിതാശ്വാസ സഹായം ലഭിക്കുന്നതിനുള്ള വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
* മുഖ്യമന്ത്രിക്ക് നേരിട്ട് അനുവദിക്കാന്‍ കഴിയുന്ന ധനസഹായ പരിധി മൂന്ന് ലക്ഷമായി ഉയര്‍ത്തി
* ഗുരുതരമായ കാന്‍സര്‍ ചികിത്സക്കും അവയവമാറ്റ ശസ്ത്രക്രിയക്കും മൂന്ന് ലക്ഷം വരെ ധനസഹായം നല്‍കും
ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്കാന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി . https://cmdrf.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാന്‍ അപേക്ഷകന് സാധിക്കും. ഇപ്പോള്‍ കുറ്റമറ്റ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപേക്ഷ പരിശോധനാ സംവിധാനം നിലവില്‍ വന്നതിനാല്‍ നടപടികള്‍ വേഗത്തിലായി. തീരുമാനമെടുത്ത് ഉത്തരവിറങ്ങിയാല്‍ ദിവസങ്ങള്‍ക്കകം അക്കൗണ്ടില്‍ പണം എത്തും. ഓഫീസുകള്‍ കയറി ഇറങ്ങാതെ തന്നെ ദുരിതബാധിതര്‍ക്കുള്ള സഹായം വേഗത്തില്‍ അക്കൗണ്ടിലെത്താന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
Discussion about this post