കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ചതിനെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന പുക ശല്യം നിയന്ത്രണ വിധേയമായതായി ജില്ലാ ഭരണകൂടം. പുക നിയന്ത്രണ വിധേയമായെങ്കിലും സ്ഥലത്ത് ഇപ്പോഴും അഗ്‌നിശമനസേനയും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട് .
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പതിനാല് ഹിറ്റാച്ചികള്‍ ഉപയോഗിച്ച് മാലിന്യം ഇളക്കി മറിച്ച് തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിശമന സേനയുടെ 24 യൂണിറ്റുകള്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നാണ് സ്ഥലത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
അതേ സമയം മാലിന്യ പ്ലാന്റിന് തീപിടിച്ചതോടെ കൊച്ചിയിലെ മാലിന്യ സംസ്‌കരണം അവതാളത്തിലായി. പ്ലാന്റിലേക്കെത്തിയ മാലിന്യ ലോറികള്‍ തിരിച്ചയച്ചതോടെ തൃക്കാക്കര, ആലുവ , അങ്കമാലി ,കളമശേരി പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യ സംസ്‌കരണം പൂര്‍ണമായും നിര്‍ത്തി വയ്‌ക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ പ്ലാന്റില്‍ മാലിന്യം എടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. അതേസമയം പ്ലാന്റിലുണ്ടായ തീ പിടുത്തത്തെ കുറിച്ച് ഇന്‍ഫോപാര്‍ക്ക് സിഐ രാധാമണിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.