കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ കൊച്ചിയില്‍ മാലിന്യനീക്കം പ്രതിസന്ധിയിലായി. ഇതോടെ റോഡരികിലും ഇടവഴികളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയാണ്. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോയ വാഹനങ്ങള്‍ തിരിച്ചയച്ചതായി മാലിന്യം നീക്കുന്ന തൊഴിലാളികള്‍ അറിയിച്ചു. കൂടിയാലോചനയ്ക്കുശേഷം മാത്രമേ ഇനി പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കൂവെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴിയാണ് കൊച്ചിയിലെ ഫ്ളാറ്റുകളിലേയും സ്ഥാപനങ്ങളിലേയും മാലിന്യങ്ങള്‍ കോര്പ്പറേഷന് ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കാനായി കൊണ്ടുപോകാറുള്ളത്. എന്നാല്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളിയിരുന്ന ബ്രഹ്മപുരം പ്ലാന്റിന് തീപിടിച്ചതോടെ മാലിന്യ ശേഖരണം അവതാളത്തിലായിരിക്കുകയാണ്. ഇതോടെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ നഗരത്തില്‍ കുമിഞ്ഞുകൂടാന്‍ തുടങ്ങിയിരിക്കുകയാണ്.
ഇനിയുള്ള രണ്ടുദിവസവും കൊച്ചിയിലെ മാലിന്യ നീക്കം തടസപ്പെടുമെന്നാണ് മേയര്‍ അറിയിച്ചിരിക്കുന്നത്. മാലിന്യം കുമിഞ്ഞ് കൂടുന്നത് കാരണം പകര്‍ച്ച വ്യാധികള്‍ പടരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. പ്രശ്നത്തിന് ഉടനടി പരിഹാരം ഉണ്ടായില്ലെങ്കില്‍ മാലിന്യം സംസ്കരിക്കാന്‍ വഴികളില്ലാതെ ഫ്ളാറ്റുകളിലേയും വ്യവസായ സ്ഥാപനങ്ങളിലേയും ആളുകള്‍ ശരിക്കും ബുദ്ധിമുട്ടും.
Discussion about this post