തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. തിരുവനന്തപുരം ഉള്‍പ്പടെയുള്ള അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക നിര്‍ദേശിച്ച് അദാനി ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്ത് നിക്കുന്നത്. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലഖ്നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാച നടത്തും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും. തിരുവനന്തുപരത്തെ സ്വകാര്യ വല്‍ക്കരണത്തിനെതിരെ രണ്ട് യാത്രക്കാര്‍ നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Discussion about this post