കണിച്ചുകുളങ്ങര: വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ കരുക്കള്‍ നീക്കുകയാണ് പാര്‍ട്ടികള്‍. ഇന്ന് മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേരിട്ട് വീട്ടിലെത്തി കണ്ടു. ഒരു മഹാ സഖ്യത്തിലേക്ക് ഈ കൂടിക്കാഴ്ച നയിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറഅറു നോക്കുന്നത്. കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ മുന്നണിയില്‍ത്തന്നെ എന്ന് ഉറപ്പിച്ച് ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തിയതെന്നത് ശ്രദ്ധേയമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി സ്വീകരിച്ച നിലപാടായിരുന്നില്ല തുഷാറിന്റേത്.
അതേസമയം സിപിഎമ്മിന്റെ നേരത്തെയുള്ള നോട്ടപ്പുള്ളി ആയിരുന്നു വെള്ളാപ്പള്ളി എന്നത് വ്യക്തമാണ്. വനിതാമതിലിന്റെ സംഘാടകസമിതിയുടെ ചെയര്‍മാനായി വെള്ളാപ്പള്ളിയെത്തന്നെ സിപിഎം കൊണ്ടുവന്നത് ഉത്തമ ഉദാഹരണമാണ്. ശബരിമലയെച്ചൊല്ലി കേരളമെമ്പാടും പ്രതിഷേധം കത്തിയപ്പോള്‍ അതിനെതിരെ വെള്ളാപ്പള്ളിയെക്കൊണ്ട് സംസാരിപ്പിക്കാന്‍ സിപിഎമ്മിനായി. എന്നാല്‍ സുപ്രീംകോടതിയില്‍ ദേവസ്വംബോര്‍ഡ് വിധി നടപ്പാക്കണമെന്ന തരത്തില്‍ വാദിച്ചപ്പോള്‍ വെള്ളാപ്പള്ളി നിലപാട് മാറ്റി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നു.
മാത്രമല്ല സിപിഎമ്മിന്റെ കരുവായി വെള്ളാപ്പള്ളിമാറി എന്നതിന്റെ തെളിവാണ് സര്‍ക്കാര്‍ പരിപാടിയില്‍പ്പോലും മന്ത്രിമാര്‍ക്കൊപ്പം വളരെ പ്രാധാന്യത്തോടെ വെള്ളാപ്പള്ളി നടേശന്റെ ചിത്രം നല്‍കിയത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ജി സുധാകരന്റെയും കടകംപള്ളി സുരേന്ദ്രന്റെയും ഒപ്പം വെള്ളാപ്പള്ളിയുടെ ചിത്രം വച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു ഈ ചിത്രം.
ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും സഹായം നല്കുന്ന കേന്ദ്ര പദ്ധതിയായ സ്വദേശി ദര്ശന് കണിച്ചുകുളങ്ങര ക്ഷേത്രത്തെ തഴഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കണിച്ചുകുളങ്ങരയില്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നത്.
Discussion about this post