തിരുവനന്തപുരം: പലപ്പോഴും ട്രോളന്മാരുടെ ഇരയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പല കാര്യങ്ങളും പറയുമ്പോഴും മന്ത്രിയെ ട്രോളുകള്‍കൊണ്ട് മൂടാറുണ്ട്. ഇപ്പോള്‍ ട്രോളന്മാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി. ഒരു പണിയുമില്ലാത്ത ചില കഴുകന്‍മാരാണ് ട്രോളുകള്‍ക്ക് പിന്നിലെന്ന് കണ്ണന്താനം പറയുന്നു. ഇത്തരം പണികള്‍കൊണ്ട് തന്നെ വിരട്ടാമെന്ന് നോക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജവാന്റെ മൃതദേഹത്തിന് സമീപത്തെ സെല്‍ഫി വിവാദം ഉള്‍പ്പെടെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം നടത്തിയത്. തന്റെയും മകന്റെയും നേട്ടങ്ങളൊക്കെ പറഞ്ഞായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയം ഉദ്ഘാടനവേദിയിലെ പ്രസംഗം.
തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിന് അരികില്‍ സെല്‍ഫി എടുത്തത് വന്‍ വിവാദത്തിലേയ്ക്ക് വഴി വെച്ചിരുന്നു. നിരവധി ട്രോളുകള്‍ക്കും വിധേയമാക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെതിരെ കണ്ണന്താനം നിയമപരമായി നേരിടാന്‍ തീരുമാനം എടുത്തിരുന്നു. അധിക്ഷേപങ്ങള്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു.