പാലക്കാട്: ലൈംഗിക അതിക്രമത്തിനിടെ നാലു വയസുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. ചെന്നൈ കിഴക്കു താമ്പരം സ്വദേശി പടയപ്പ(സത്യ27), തിരുപ്പൂര്‍ കാദര്‍പേട്ട എംജിആര്‍ കോളനി സ്വദേശിനി സുലൈഹ (ഖദീജാ ബീവി40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ(കവിത40) എന്നിവരെയാണു നോര്‍ത്ത് പോലീസ് പിടികൂടിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തിരുവള്ളുവര്‍ സ്വദേശി സുരേഷ്(40), തഞ്ചാവൂര്‍ പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി(21) എന്നിവരാണു നേരത്തെ കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ മാസം 15നാണു പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നു കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇതു പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ സഹായിച്ചു.
ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സുരേഷും ഫെമിനയും പിടിയിലായ വിവരമറിഞ്ഞ മൂവര്‍ സംഘം ചെന്നൈ, തിരുനെല്‍വേലി, അംബാസമുദ്രം, കന്യാകുമാരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്തു നിന്നാണു പ്രതികള്‍ വലയിലായത്. പിടിയിലായ സ്ത്രീകളും കുട്ടിയുടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായും എല്ലാവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്നും പോലീസ് വ്യക്തമാക്കി.
പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ഭിക്ഷാടന സംഘത്തിലെ വികലാംഗനായ പടയപ്പയുടെ പ്രവൃത്തികള്‍ ഗോവിന്ദച്ചാമിയെ ഓര്‍മിപ്പിക്കും വിധമാണ്. ഇരുകാലുകള്‍ക്കും പോളിയോ ബാധിച്ചു ശേഷി കുറവാണെങ്കിലും ആരോഗ്യവാനാണ് ഇയാള്‍. നടക്കാന്‍ കഴിയുമെങ്കിലും ഇരുന്നു നിരങ്ങിയാണു ഭിക്ഷാടനം. കിട്ടുന്ന തുക മദ്യത്തിനും കഞ്ചാവിനുമാണു ചെലവഴിക്കുക. ഇയാള്‍ക്ക് 5 ഭാര്യമാരുണ്ട്.
Discussion about this post