തിരുവനന്തപുരം: കഴിഞ്ഞ 55 ദിവസത്തിനിടെ കേരളത്തില്‍ മാത്രം ചെറുതും വലുതുമായി 567തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പുതിയ കണ്ടെത്തല്‍. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നു ജനുവരി ഒന്നു മുതല്‍ ലഭിച്ച ചിത്രങ്ങളില്‍ നിന്നാണു തീപിടിത്തങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയത്.
ഏറ്റവും കൂടുതല്‍ തീപിടിത്ത സ്ഥലങ്ങള്‍ ഇടുക്കിയിലാണ്, 190. കക്കി റിസര്‍വോയറിനു സമീപം കാടിനുള്ളില്‍ 23 ന് ചെറിയ തോതില്‍ തീ പടരുന്നതായി ഉപഗ്രഹ ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് പരിസരവാസികള്‍ക്കോ അഗ്നിശമനസേനയ്ക്കോ വിവരമില്ല. പലപ്പോഴും കാടുകള്‍ക്കുള്ളിലുണ്ടാകുന്ന ഒറ്റപ്പെട്ട തീപിടിത്തങ്ങള്‍ ഔദ്യോഗിക കണക്കുകളില്‍ വരാറില്ല. പക്ഷേ ഉപഗ്രഹ ചിത്രങ്ങളില്‍ ഇവ വ്യക്തമായിരിക്കും. അത്തരത്തിലുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഓരോ ദിവസത്തെയും 4 ഉപഗ്രഹചിത്രങ്ങള്‍ വീതമാണു വിലയിരുത്തിയത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഒറ്റ മാപ്പിലേക്കു ചേര്‍ത്തു. മള്‍ട്ടി സ്പെക്ട്രല്‍ സംവിധാനമുള്ള ഉപഗ്രഹങ്ങള്‍ക്കു ഭൂമിയില്‍ ഓരോ ഭാഗത്തും തീ മൂലം താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇതു പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചു വേര്‍തിരിക്കും. കാടുകളില്‍ കത്തിത്തീര്‍ന്ന ഭാഗങ്ങളും വ്യക്തമായി കാണാനാകും കേരളത്തിനു പുറത്തു ബന്ദിപ്പൂരിലും കന്യാകുമാരിയിലും തീപിടിത്തസ്ഥലങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നു ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വയനാട് ബാണാസുര മലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരും ദിവസങ്ങളിലായിരിക്കും പുറത്ത് വിടുക.
കൊച്ചിയെ നടുക്കിയ രണ്ട് തീപിടുത്തങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളിലാണ് ഉണ്ടായത്. പാരഗണിന്റെ ഗോഡൗണിലെ തീപിടുത്തം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. അതെല്ലാം കെട്ടിടങ്ങി വന്നപ്പോഴാണ് ഞെട്ടിച്ച് മാലിന്യ പ്ലാന്റിലെ തീപിടുത്തം ഉണ്ടായത്. കൊച്ചി നഗരത്തെ മുഴുവന്‍ പുക കൊണ്ട് മൂടി. ഒരു നാള് മുഴുവനും എടുത്തിട്ടും തീ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. കൊച്ചി നഗരം പുകയും അസഹനീയ ഗന്ധവും ശ്വസിച്ചത് മൂന്നു ദിനങ്ങളോളം ആയിരുന്നു. ഇപ്പോഴും ആ തീപിടുത്തത്തില്‍ നിന്ന് മുക്തമായിട്ടില്ല. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് വരുന്നത്.
തീപിടിത്തങ്ങളുടെ എണ്ണം ജില്ല തിരിച്ച്
ഇടുക്കി – 190
പാലക്കാട് – 118
തൃശൂര്‍ – 74
വയനാട് – 67
കോട്ടയം – 26
മലപ്പുറം – 23
Discussion about this post