കൊച്ചി: ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ലൈഫ് ഡാര്ഡുമാരെ നിയന്ത്രണങ്ങളെ തള്ളിയാണ് വിദ്യാര്‍ത്ഥികള്‍ മുന്പോട്ട് നീങ്ങിയത്. ഒടുവില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിതാഴ്ന്ന വിദ്യാര്‍ത്ഥികളെ ലൈഫ് ഗാര്‍ഡുമാര്‍ തന്നെ കരയ്ക്കെത്തിയ്ക്കുകയായിരുന്നു.
സൗത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ അനുവദനീയമായ പരിധിക്കു പുറത്തേക്കു നീങ്ങുന്നതു കണ്ട ലൈഫ്ഗാര്‍ഡുമാര്‍ അപകട വിസില്‍ മുഴക്കി. ഇതു കേള്‍ക്കാതെ ഒരു കിലോമീറ്ററിനപ്പുറത്തേക്കു നീന്തിയ കുട്ടികള്‍ പിന്നീട് തെക്കു ഭാഗത്തേക്ക് ഒഴുകുന്നതു കണ്ട ലൈഫ് ഗാര്‍ഡുമാര്‍ സര്‍ഫ് റസ്ക്യൂ ബോര്ഡുമായെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.
പിജെ സുരേഷ്, കെജെ സെര്‍ജന്‍, രമണന് എന്നിവരാണ് കുട്ടികളുടെ രക്ഷയ്ക്ക് എത്തിയത്. അവധി ദിനമായതിനാല്‍ കടപ്പുറത്ത് കുളിക്കാനെത്തിയവരുടെ തിരക്ക് ഏറെയായിരുന്നു. കഴിഞ്ഞ മാസം അപകടത്തില്‍ പെട്ട 7 കുട്ടികളെ ലൈഫ്ഗാര്ഡുമാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കുളിക്കാനിറങ്ങുന്നവര്‍ പലപ്പോഴും മുന്നറിയിപ്പു വക വയ്ക്കാതെ കടലിന്റെ ഉള്ളിലേക്കു നീന്തുന്നതാണ് അപകടത്തിനു വഴി വയ്ക്കുന്നതെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു.
Discussion about this post