വയനാട്: ബാണാസുര മലയില്‍ വീണ്ടും തീ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ബന്ദിപ്പൂര്‍ ഹൈവേയില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് ബാണാസുര മലയിലും കാട്ടുതീ പടരുന്നത്. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാം മല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. അതേസമയം
തീ നിയന്ത്രണവിധേയമാണെന്ന് വനം വകുപ്പ് അറിയിച്ചു.
പ്രദേശത്ത് മൂന്ന് ദിവസം മുമ്പാണ് കാട്ടുതീ പടരുന്നതായി ശ്രദ്ധയില്‍ പെട്ടത്. എന്നാല്‍ മലയ്ക്ക് മുകളില്‍ മാത്രമേ തീ ഉണ്ടാകൂ എന്ന് കരുതി നാട്ടുകാര്‍ ഇതിനെ അവഗണിക്കുകയായിരുന്നു. പക്ഷെ പിന്നീട് കാട്ടുതീ വലിയ രീതിയില്‍ പടരുകയായിരുന്നു. ആദ്യം കാട്ടു തീ പടരുന്നത് കണ്ട് വനംവകുപ്പ് തീ കെടുത്തിയിരുന്നു.
എന്നാല്‍ ചില ഭാഗത്ത് തീ കെട്ടിരുന്നില്ല. അങ്ങനെയാണ് തീ പടര്‍ന്നത്. മലയ്ക്ക് താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഏതെങ്കിലും സാഹചര്യങ്ങളില്‍ തീ പടര്‍ന്നാല്‍ അവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് മൈസൂര്‍ – ഊട്ടി ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. തമിഴ്നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയില്‍ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനത്തും ഹെക്ടര്‍ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത് ഇതോടെ വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലാണ്.
Discussion about this post