മലപ്പുറം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ പ്രിയ അധ്യാപകന്‍ മമ്മദുണ്ണി മാഷ് മലപ്പുറത്തെത്തി. ഗസ്റ്റ് ഗൗസിനുള്ളിലേയ്ക്ക് അദ്ദേഹം കടന്നു വരുമ്പോള്‍ മാഷിന്റെ മനസില്‍ തെളിഞ്ഞത് മുണ്ടിന്റെ അറ്റം പിടിച്ച് ബ്രണ്ണന്‍ കോളേജിന്റെ മുന്നിലൂടെയുള്ള ആ അരുമ ശിഷ്യന്റെ നടത്തമായിരുന്നു. പ്രി.യ അധ്യാപകനെ കണ്ടപ്പാടെ ആദ്യം ഒന്നു ചിരിച്ചു, ശേഷം അടുത്തെത്തിയപ്പാടെ ആശ്ലേഷിച്ചു. അതില്‍ മമ്മദുണ്ണി മാഷിന്റെ കണ്ണുകളും മനസും ഒരുപോലെ നിറഞ്ഞു.
പഴമയും പ്രൗഢിയും പേറുന്ന ബ്രണ്ണനിലെ സമര തീക്ഷ്ണതയും സൗഹാര്‍ദവും കോര്‍ത്തിണക്കിയ പഴയ കോളേജ് മാഗസിനുമായാണ് മാഷ് തന്റെ അരുമ ശിഷ്യനെ കാണാന്‍ എത്തിയത്. പിണറായിയുടെ സഹപാഠിയും ആത്മ സുഹൃത്തുമായിരുന്ന പ്രൊഫ. എന്‍ മുകുന്ദന്‍ ബ്രെണ്ണനൈറ്റ്‌സ് മാഗസിനില്‍ പിണറായിയെക്കുറിച്ച് എഴുതിയ ലേഖനം അദ്ദേഹം കാണിച്ചു. ഓലയമ്പലം ആര്‍സി അമല സ്‌കൂളിലെ പഴയ ഏഴാം ക്ലാസുകാരനെപറ്റി, ജീവിത വൈഷമ്യതയെക്കുറിച്ച്, ചക്കര സ്‌റ്റോറില്‍ ചക്കര തൂക്കി കൊടുത്തിരുന്ന നാളുകള്‍, അണ്ടല്ലുര്‍ കടവ് തോണിസമരം.. പോയ കാലത്തിന്റെ ഓര്‍മ്മ ചിത്രങ്ങള്‍ ഏറെയുണ്ടായിരുന്നു ആ ലേഖനത്തില്‍.
പിണറായി ഏറ്റവും നല്ല ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു എന്ന കാര്യവും പ്രൊഫ. മുകുന്ദന്‍ ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ‘മുഖ്യസ്ഥനില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്’ എന്നാണ് ലേഖനത്തിന്റെ തലക്കെട്ട് നല്‍കിയിരിക്കുന്നത്. ‘അന്ന് ഓലയമ്പലം സ്‌കൂളില്‍ ചക്കരപാര്‍ടികളായി (ചക്കരച്ചെത്ത് തൊഴിലാളികളുടെ മക്കളായി) ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ലേഖകന്‍, പിണറായി വിജയന്‍, ചന്ദ്രന്‍, ബാലന്‍. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വീട്ടില്‍ ഉണങ്ങിയ ഓലയില്‍ പൊതിഞ്ഞ ചക്കര മൂന്നരയോടെ ഓലയമ്പലത്തിലുള്ള ചക്കര സ്‌റ്റോറിലേക്ക്(കോ ഓപറേറ്റീവ് സ്‌റ്റോര്‍)വീട്ടില്‍ ചെന്ന് എടുത്തുവരേണ്ടതുണ്ട്. അതിനാല്‍ മൂന്നുമണിക്ക് ഹെഡ്മാസ്റ്ററുടെ അനുവാദം വാങ്ങി വീട്ടിലേക്ക് പോകുകയാണ് പതിവ്…’ പ്രാരാബ്ധങ്ങളുടെ സ്‌കൂള്‍ കാലം അതില്‍ വരച്ചിടുന്നതിങ്ങനെയൊക്കെ.
‘മാഷെ നിങ്ങളിരുവരും തിരുവനന്തപുരത്തേക്ക് എന്നെ കാണാന്‍ വരാനിരുന്നതായിരുന്നു അല്ലേ? അതിനു മുമ്പേ മുകുന്ദന്‍ പോയില്ലേ’ അദ്ദേഹത്തിന്റെ വേര്‍പാടിനെ ഓര്‍ത്തപ്പോള്‍ മുഖ്യന്റെ കണ്ണുകള്‍ നിറഞ്ഞത് മാഷും ശ്രദ്ധിച്ചു. 2001ല്‍ അറേബ്യയിലെ സുല്‍ത്താന്‍ എന്ന പ്രസിദ്ധീകരണത്തില്‍ ‘പിണറായി എന്റെ സ്വന്തം വിദ്യാര്‍ത്ഥി’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പും മാഷ് കാണിച്ചു. ‘ഉറച്ച നിലാടാണ് വിജയന് അന്നും. അപാരമായ ധൈര്യവും. അധ്യാപകരോട് തികഞ്ഞ ബഹുമാനം. സഹപാഠികളും അംഗികരിക്കുന്ന പെരിമാറ്റം. തോണികടത്ത് മുടങ്ങുന്നതിനും കൂലി വര്‍ധനക്കും എതിരെ വിദ്യാര്‍ത്ഥി സമരം നയിച്ചത് വിജയനായിരുന്നു. അന്നോളം ബ്രണ്ണണ്‍ കോളേജ് കണ്ടിട്ടില്ലാത്ത വിധം വലിയ ഒരു റാലിയും നടത്തി. ഞങ്ങള്‍ അധ്യാപകര്‍ക്കും വിജയനോടു വലിയ മതിപ്പ്. ‘ മമ്മദുണ്ണി മാഷ് ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തു.
മലപ്പുറം മോങ്ങം സ്വദേശിയാണ് മമ്മദുണ്ണി മാഷ്. 1960-70 കാലഘട്ടത്തിലാണ് ബ്രണ്ണന്‍ കോളേജില്‍ പഠിപ്പിക്കാന്‍ എത്തിയത്. പ്രീ യൂണിവേഴ്‌സിറ്റിയിലും ബിഎ ഇക്കണോമിക്‌സിലും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നു മുഖ്യമന്ത്രി പിണറായി. ഇ അഹമ്മദ്, മന്ത്രി എകെ ബാലന്‍ എന്നിവരെയും പഠിപ്പിച്ചിട്ടുണ്ട്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരും ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്കും കൈമാറിയായിരുന്നു മമ്മദുണ്ണി മാഷിന്റെ മടക്കം. ഒപ്പം ദുബായിയില്‍ വെച്ച് കിട്ടിയ പേനയും. മകന്‍ സലാവുദ്ദീനൊപ്പമാണ് മാഷ് എത്തിയത്.