അന്ന് മോഡി പറഞ്ഞു ‘ഇതാണ് കേരളം’! കേരളത്തിലെ രാഷ്ട്രീയ ഐക്യത്തെ വാഴ്ത്തി ഗവര്‍ണര്‍

കേരളത്തിലെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ഐക്യത്തെ വാനോളം വാഴ്ത്തി ഗവര്‍ണര്‍ പി സദാശിവം.

തിരുവനന്തപുരം: കേരളത്തിലെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മിലുള്ള ഐക്യത്തെ വാനോളം വാഴ്ത്തി ഗവര്‍ണര്‍ പി സദാശിവം. കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഐക്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുമ്പ് തന്നെ അഭിനന്ദിച്ചിരുന്നതായും സദാശിവം പറഞ്ഞു. ദേശീയ വിദ്യാര്‍ത്ഥി പാര്‍ലമെന്റില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം അന്തരിച്ചപ്പോള്‍ രാമേശ്വരത്തേക്ക് പോകാനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എനിക്ക് ഒരു മണിക്കൂറിനുള്ളില്‍ ചെറു വിമാനം ഏര്‍പ്പാടാക്കിത്തന്നു. മുഖ്യമന്ത്രിയും ഞാനും പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും ഒരുമിച്ചാണന്ന് യാത്ര പോയത്. മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ഒരേ കാറിലാണ് യാത്ര ചെയ്തത്. മൂന്നു പേരെയും ഒരുമിച്ച് കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു- ഇതാണ് കേരളം!’- പ്രധാനമന്ത്രിയെ പോലും അമ്പരപ്പിച്ച രാഷ്ട്രീയ ഐക്യത്തെ കുറിച്ച് ഗവര്‍ണര്‍ വാചാലനായതിങ്ങനെ.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും താനും ഒരുമിച്ചാണ് ചെന്നൈയില്‍ പോയതെന്നും അത് തമിഴ്നാട്ടിലെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

തന്റെ സ്വന്തം നാടായ തമിഴ്നാട്ടില്‍ എതിര്‍പാര്‍ട്ടിയിലെ മന്ത്രിമാര്‍ നേരിട്ടു കണ്ടാല്‍ സൗഹൃദം നടിക്കാന്‍ തയ്യാറാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പരസ്പരം സൗഹൃദം പുലര്‍ത്താറുണ്ടെന്നും സഹകരിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ പോരായ്മകള്‍ ജനാധിപത്യത്തിനകത്തു നിന്ന് പരിഹരിക്കണമെന്നും, രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version