കൊച്ചി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് കേരളത്തില്‍ നിന്ന് ഇതുവരെ അപേക്ഷിച്ചത് 12 ലക്ഷം പേര്‍. അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കൃഷി ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ്.
അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനമാണ് കൃഷി ഭവനുകളിലെ ഈ ക്യൂവിന് പിന്നില്‍. നാലാം ക്ലാസ് ജീവനക്കാരല്ലാത്ത വിരമിച്ചവരും ജോലി ചെയ്യുന്നവരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രൊഫണല്‍ ജോലിയുള്ളവര്‍, ഭരണഘടന സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്കെല്ലാം കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
റേഷന്‍ കാര്‍ഡ്, തിരിച്ചറിയില്‍ രേഖ, ബാങ്ക് പാസ് ബുക്ക്, വില്ലേജ് ഓഫീസില്‍ നികുതി അടച്ച രശീതി എന്നിവയുടെ കോപ്പി സഹിതമാണ് പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ തിരക്ക് കൂടിയതോടെ ഓരോ കൃഷിഭവനുകളിലും നാലും അഞ്ചും താത്കാലിക ജീവനക്കാരെ നിയമിച്ചാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
ആറായിരം രൂപ മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് മാത്രമാണ് പണം ലഭിക്കുക. ആദ്യ ഗഡു ലഭിക്കാന്‍ മാര്‍ച്ച് 31ന് മുന്പ് അപേക്ഷിക്കണം.