എടവണ്ണ: മലപ്പുറം എടവണ്ണയിലെ ഇന്നലെ ടിന്നര്‍ ഗോഡൗണ്ടില്‍ തീപിടിച്ചിരുന്നു. എന്നാല്‍ ഈ ഗോഡൗണ്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പഞ്ചായത്തിന്റെ ലൈസന്‍സ് പോലും ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തം. സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടെന്ന ഉടമയുടെ വാദം കള്ളമാണെന്ന് വിവരാവകാശ രേഖ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അപകടസ്ഥലത്തു നിന്ന് രക്ഷപെട്ടശേഷം ഒളിവില്‍പോയ ഗോഡൗണ്‍ ഉടമ ഇല്യാസ് പറഞ്ഞതെല്ലാം കളവാണെന്നാണ് വ്യക്തമായത്. എടവണ്ണ പഞ്ചായത്ത് സെക്രട്ടറി രണ്ടാഴ്ച്ച മുമ്പ് പന്നിപ്പാറ സ്വദേശി മുഹമ്മദ് ഹുസൈന് നല്‍കിയ ഈ വിവരാവകാശ രേഖയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. തീ കെടുത്താനുള്ളതടക്കമുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നും ടാങ്കര്‍ ലോറിയില്‍ നിന്ന് ടിന്നര്‍ ഇറക്കുന്നതിനിടെ അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നുവെന്നുമാണ് ഉടമ ഇല്ല്യാസിന്റെ വിശദീകരണം.
തീ പടര്‍ന്നതോടെ അണയ്ക്കാന്‍ സാധിച്ചില്ലെന്നും തൊഴിലാളികളെ രക്ഷപെടുത്തിയതും നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി രക്ഷപെടാന്‍ അവസരമൊരുക്കിയതും താനാണെന്നും അദ്ദേഹം അവകാശപെട്ടിരുന്നു. എന്നാല്‍ ഒരു സുരക്ഷാ മുന്‍കരുതലും ഗോഡൗണില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇനി ഈ സ്ഥാപനം ഇവിടെ വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.