ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; നഗരത്തില്‍ രൂക്ഷമായി പടര്‍ന്ന പുകയും രൂക്ഷഗന്ധവും കുറഞ്ഞു വരുന്നു

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മാലിന്യ പ്ലാന്റില്‍ തീ പിടുത്തമുണ്ടാകുന്നത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ ഉണ്ടായ തീ പിടുത്തത്തെ തുടര്‍ന്ന് നഗരത്തില്‍ രൂക്ഷമായി പടര്‍ന്ന പുകയും രൂക്ഷഗന്ധവും കുറഞ്ഞു വരുന്നു. തീ പിടുത്തം കാരണം രാവിലെ വൈറ്റില, ചമ്പക്കര, കാക്കനാട് മേഖലകളില്‍ അതിരൂക്ഷമായ പുകയും ദുര്‍ഗന്ധവും ഉണ്ടായിരുന്നു. ആളുകള്‍ക്ക് മൂക്ക് പൊത്താതെ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അതേ സമയം ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായി. ഫയര്‍ ഫോഴ്‌സ് തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് മാലിന്യ പ്ലാന്റില്‍ തീ പിടുത്തമുണ്ടാകുന്നത്. ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. തൊട്ട് മുന്നത്തെ കോര്‍പറേഷന്റെ ഭരണ കാലത്ത് 12 കോടി രൂപ മുടക്കി ഒരു പ്ലാന്റ് നിര്‍മ്മിച്ചിരുന്നുവെങ്കിലും ആറു മാസത്തിനകം അത് നിശ്ചലമായിരുന്നുവെന്നും ഇന്ന് 11 മണിക്ക് കളക്ട്രേറ്റില്‍ ചേരുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തില്‍ ഈ പ്രശ്‌നം ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. മാലിന്യ ശേഖരത്തില്‍ തീ പടര്‍ന്നതോടെ പ്രദേശം മുഴുവന്‍ കറുത്ത പുകയും ദുര്‍ഗന്ധവും രൂക്ഷമാവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം നേരം സമയം എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Exit mobile version