‘കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ല, കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ്’; വാഴപ്പിണ്ടി പ്രതിഷേധത്തെ വിമര്‍ശിച്ച് എഎ റഹീം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി പ്രതിഷേധം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. ‘കോണ്‍ഗ്രസിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ലെന്നും കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസെന്നും റഹീം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് റഹീമിന്റെ പ്രതികരണം. ‘കൊടിയെടുക്കാതെ സമരത്തിന് പോയവര്‍ പോയവഴിയേ പോയി, ഇപ്പോള്‍ കുറേ കൊടികള്‍ മാത്രമേ ഉള്ളു. പ്രസിഡന്റിന്റെ ജാഥ തുടങ്ങിയതില്‍ പിന്നെ, അവശേഷിച്ച മണ്ഡലം കമ്മിറ്റികളെ കുറേ അദ്ദേഹം തന്നെ പിരിച്ചും വിട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ ക്ഷീണമേറ്റ് വാങ്ങി. മൂന്നു നാലിടത്തു ബിജെപിയുമായി സഖ്യമുണ്ടാക്കി എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു എന്നതാണ് ആകെ ഒരാശ്വാസമെന്ന്’ റഹീം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അറിയാം,
അവിടെ വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ല.
പ്രതിപക്ഷ നേതാവ് കൊടുത്തയച്ച വാഴപ്പിണ്ടികളുമായി സാഹിത്യ അക്കാദമിയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചെന്നത് കണ്ടു,
മുഖ്യമന്ത്രിയ്ക്ക് അയച്ചു കൊടുക്കാനും പദ്ധതിയുണ്ടത്രേ. കോണ്‍ഗ്രസ്സിന് വാഴപ്പിണ്ടിയ്ക്ക് ക്ഷാമമുണ്ടാകില്ല.
കാറ്റുവീഴ്ച്ച വന്ന വാഴത്തോട്ടം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസ്സ്. കാറ്റ് വീഴ്ച്ച വന്നാല്‍ പിന്നെ ഇങ്ങനെയെയൊക്കെയേ പറ്റു. വാഴപ്പിണ്ടി ആവശ്യത്തിന് എടുക്കുക, പിന്നെ വേണ്ടപ്പെട്ടവര്‍ക്കൊക്കെ കൊടുത്തയയ്ക്കുക. അതല്ലാതെ നിങ്ങള്‍ക്ക് മറ്റു വഴിയില്ലെന്നറിയാം.

കൊടിയെടുക്കാതെ സമരത്തിന് പോയവര്‍ പോയവഴിയേ പോയി,ഇപ്പോള്‍ കുറേ കൊടികള്‍ മാത്രമേ ഉള്ളു. പ്രസിഡന്റിന്റെ ജാഥ തുടങ്ങിയതില്‍ പിന്നെ, അവശേഷിച്ച മണ്ഡലം കമ്മിറ്റികളെ കുറേ അദ്ദേഹം തന്നെ പിരിച്ചുംവിട്ടു. അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് വലിയ ക്ഷീണമേറ്റ് വാങ്ങി.
മൂന്നു നാലിടത്തു ബിജെപിയുമായി സഖ്യമുണ്ടാക്കി എല്‍ഡിഎഫ് ഭരണം അട്ടിമറിച്ചു എന്നതാണ് ആകെ ഒരാശ്വാസം.

നിലപാടുകളാണ് നട്ടെല്ല്, എങ്കില്‍ കോണ്‍ഗ്രസ്സ് ആര്‍ജവത്തോടെ നിലപാടെടുത്ത, നട്ടെല്ല് നിവര്‍ത്തി നിന്ന നിമിഷങ്ങളെത്രയുണ്ട്? സാംസ്‌കാരിക ലോകം നിങ്ങള്‍ പറയുന്നത് ഏറ്റു പറയുന്നില്ല എന്നതാണോ പരിഭവം. ഇവിടുത്തെ സാംസ്‌കാരിക ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ സംഘപരിവാര്‍ വാളെടുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? മലയാളസാഹിത്യ ലോകത്തെ കുലപതി എംടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ രണ്ടാമൂഴത്തിന് നേരെ പോലും സംഘപരിവാര്‍ ഭീഷണി ഉയര്‍ന്നു. സംവിധായകന്‍ കമല്‍ വംശീയ അധിക്ഷേപത്തിന് വിധേയമായി, നോവലുകളെയും നാടകങ്ങളെയും ചലച്ചിത്രങ്ങളെയും വര്‍ഗീയ ശക്തികള്‍ വേട്ടയാടിയപ്പോഴൊക്കെ നിങ്ങള്‍ എവിടെയായിരുന്നു, ഒന്നോര്‍ത്തു നോക്കൂ.

കവി കുരീപ്പുഴയെ ആര്‍എസ്എസ് ക്രിമിനലുകള്‍ കയ്യേറ്റം ചെയ്തു, ദേശീയ പുരസ്‌കാരം നേടിയ
പ്രിയ നന്ദനനെ ചാണകവെള്ളമൊഴിച്ചു, ഭീഷണി കാരണം എംഎം ബഷീറിന് രാമായണ വ്യാഖ്യാനം പ്രസിദ്ധീകരിക്കുന്നത് ഉപേക്ഷിക്കേണ്ടിവന്നു, ഒരക്ഷരം എവിടെയെങ്കിലും ഒളിച്ചു നിന്നെങ്കിലും പറഞ്ഞതായി വാഴപ്പിണ്ടി കച്ചവടക്കാര്‍ക്ക് ഓര്‍മ്മയുണ്ടോ?
കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകരെ ആര്‍എസ്എസ്‌കാര്‍ സൈബര്‍ ലോകത്തും തെരുവിലും നിര്‍ദയം വേട്ടയാടി. പമ്പയിലും നിലയ്ക്കലും വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും തടഞ്ഞുവച്ചു കയ്യേറ്റം ചെയ്യുമ്പോള്‍ അപലപിക്കാന്‍ നാവ് ഉയര്‍ത്താത്തവരാണ് നിങ്ങള്‍.

സംഘപരിവാര്‍ ഭീഷണിയെ കൂസാതെ ഗുലാംഅലി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പാടി. അന്ന്, നിങ്ങള്‍ കാഴ്ചക്കാരും ഞങ്ങളും കേരളത്തിന്റെ സാംസ്‌കാരിക സമൂഹവും സംഘാടകരുമായിരുന്നു.

രാജ്യമാകെ ബീഫിന്റെ പേരില്‍ ആര്‍എസ്എസ് ദളിതരെയും മുസ്ലിങ്ങളെയും വേട്ടയാടിയ കാലം…
തൃശൂര്‍ക്ക് വാഴപ്പിണ്ടി കൊടുത്തയച്ച പ്രതിപക്ഷ നേതാവ് അന്ന് ആഭ്യന്തര മന്ത്രി. ഇതേ തൃശൂരിലെ പോലീസ് അക്കാദമിയില്‍ ബീഫ് നിരോധിച്ചു ഉത്തരവായത് അന്നാണ്. കേരളം മറന്നിട്ടില്ല.
അങ്ങനെ, എണ്ണിയാലൊടുങ്ങാത്ത സംഘപരിവാര്‍ വിധേയത്വത്തിന്റെ വെറും നിശ്ശബ്ദതകള്‍ മാത്രമാണ് നിങ്ങള്‍.

സീറ്റ് നിഷേധിച്ചാല്‍, തുണി പറിച്ചെറിഞ്ഞു നഗ്‌നരായി പ്രകടനം നടത്തുന്നത് പോലെയോ, സാഹിത്യ അക്കാദമിയില്‍ ‘വാഴപ്പിണ്ടിസമരം’ നടത്തുന്നത് പോലെയോ ഇപ്പറഞ്ഞതൊന്നും അത്ര എളുപ്പമല്ല, ഖദറില്‍ ചെളി പുരളും.

നാടുനീളെ വാഴപ്പിണ്ടി കൊടുത്തയയ്ക്കുന്നു, കൊറിയറില്‍ അയച്ചു കൊടുക്കുന്നു….
തോട്ടക്കാരന്റെ ധൃതി ഞങ്ങള്‍ക്ക് മനസ്സിലാകും,
കാറ്റുവീഴചയും കീടശല്യവും കൊണ്ട് നഷ്ടംവന്ന വാഴത്തോട്ടം പെട്ടെന്ന് വെടിപ്പാക്കി കുളം കുത്തി ‘താമര കൃഷി’ തുടങ്ങാം, ‘റിസോര്‍ട്’പണിയാം…
അല്ലേലും, കാറ്റുവീഴ്ച്ച വന്ന വാഴകൃഷിക്കാരന്റെ വിഷമം ഈ സാഹിത്യം പറഞ്ഞു നടക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാകില്ല.

Exit mobile version