കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് കൊല നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്നും പോലീസ് കണ്ടെടുത്തത്. അഞ്ചാം പ്രതി അനില്‍ കുമാറിനെയും ഏഴാം പ്രതി ഗിജിനെയുമാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം സംഭവസ്ഥലത്തിന് അടുത്തുള്ള പൊട്ടക്കിണറ്റില്‍ നിന്നും ഒരു വാളും മൂന്ന് ദണ്ഡുകളും കണ്ടെത്തിയിരുന്നു. ഇതിന് സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ് മൂന്ന് വാളുകള്‍ പോലീസ് കണ്ടെടുത്തത്. ഇതില്‍ രണ്ട് വാളുകള്‍ കൃത്യം നടത്താന്‍ ഉപയോഗിച്ചതാണ്. മൂന്നാമത്തെ വാള് കൊലക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
27 ഇഞ്ച് നീളമുള്ള വാളുകളാണ് കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം വസ്ത്രം മാറി കുളിച്ച് വസ്ത്രം കത്തിച്ച് കളഞ്ഞതായി പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ വസ്ത്രം കത്തിച്ച നിലയില്‍ കണ്ടെടുത്തു. ഈ സ്ഥലത്തും പോലീസ് സംഘം പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തി.
Discussion about this post