തിരുവനന്തപുരം: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വരവ് അറിയിച്ചു കൊണ്ട് സൈബര്‍ മേഖലയിലെ ഇടതു പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. ആദ്യഘട്ടത്തില്‍ ചെറിയ ലീഡ് യുഡിഎഫിനാണെന്നു വേണമെങ്കില്‍ പറയാം. ലൈക്ക് പോര് തുടരുകയാണ്.
സാഹിത്യ അക്കദമിയിലെ കോണ്‍ഗ്രസ്സ് ആക്രമണത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. മുഖ്യമന്ത്രിയുടെ കുറിപ്പിന് മണിക്കൂറുകള്‍ക്കകം ലൈക്ക് പെരുമഴ തന്നെ ലഭിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചതോടെ അതേ പോസ്റ്റിനു താഴെയുള്ള വിടി ബല്‍റാം എംഎല്‍എയുടെ തിരിച്ചടി കമന്റിനും ലൈക്ക് മഴ തോരാതെ പെയ്തു.
സാംസ്കാരിക നായകര്‍ കൊലപാതകത്തില്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചു തൃശ്ശൂര്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതിനെ അപലപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്. ബല്‍റാമിന്റെ മറുപടിക്കു താഴെ പ്രതികരിച്ചവരില്‍ ഭൂരിപക്ഷവും സാസ്കാരിക നായകര്ക്കെതിരായുള്ള വിമര്‍ശനമാണു കമന്റായി ഉയര്‍ത്തിയത് .
മുഖ്യമന്ത്രിയുടെ പോസ്റ്റ്:
”കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അവിടെ ചെന്നു സാമൂഹികവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്പിക്കാന് ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ സംസ്കാരത്തിനു നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല”
ഈ പോസ്റ്റിനു താഴെ വിടി ബല്‍റാം എല്‍എയുടെ കമന്റ്..
”ആണല്ലോ? അല്ലാതെ സര്‍ക്കാര്‍ ചെലവില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ പ്രതിനിധാനം ചെയ്യുന്നതു സിപിഎം സംസ്ഥാന കമ്മിറ്റിയെയോ പുകസയെയോ അല്ലല്ലോ? അതുകൊണ്ടു തന്നെയാണു മിസ്റ്റര്‍ മുഖ്യമന്ത്രീ, അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ അവിടേക്കു കടന്നുചെന്നു ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ദലിത് വനിതയായ കോളജ് പ്രിന്‍സിപ്പലിന് എസ്എഫ്ഐക്കാര്‍ ശവമഞ്ചം തീര്‍ത്തപ്പോള്‍ അതു മഹത്തായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായി കൊണ്ടാടിയ പാര്‍ട്ടിയുടെ നേതാവ് തന്നെയല്ലേ താങ്കളിപ്പോഴും?
ആര് എന്തഭിപ്രായം പറയണമെന്നൊന്നും ഇവിടെ ആരും ആജ്ഞാപിക്കുന്നില്ല. അല്ലെങ്കില്‍തന്നെ അവര്‍ക്കൊക്കെ എന്തു ക്രെഡിബിലിറ്റിയാണ് അവശേഷിച്ചിട്ടുള്ളത്? സിപിഎമ്മിനു സ്തുതി പാടാന്‍ മാത്രം വാ തുറക്കുന്ന സാംസ്കാരിക ക്രിമിനലുകളെ ഇന്നാട്ടിലെ ജനങ്ങള്‍ അവരര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യും. നിങ്ങള്‍ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല. തീര്‍ത്തും ജനാധിപത്യപരമായി മാത്രം. നിങ്ങള്‍ കണ്ണുരുട്ടിയാല്‍ കേരളം മുഴുവന്‍ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”
Discussion about this post