തിരുവനന്തപുരം: അധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തില്‍, ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ശേഷം സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികളും എത്തി. ഇതോടെയാണ് കോളേജ് അടച്ചിട്ടത്.
ആറ് മാസത്തോളമായി അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങിയിട്ട്. ജനുവരി 31ന് മുഴുവന്‍ തുകയും നല്‍കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് സമരവുമായി അധ്യാപകര്‍ രംഗത്തിറങ്ങിയത്. എന്നാല്‍ മാനേജ്‌മെന്റ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നും, പിടിഎ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
അതേസമയം ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ഫീസ് കൃത്യമായി അടയ്ക്കാത്തതാണ് അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള ശമ്പളം മുടങ്ങാന്‍ കാരണമെന്ന് കോളേജ് ചെയര്‍മാന്‍ എസ്ആര്‍ ഷാജി പറയുന്നു. എന്നാല്‍ മാനേജ്‌മെന്റ് ഫീസിനത്തിലും മറ്റുമായി ഭീമമായ തുക തങ്ങളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കുന്നു. തുക ഈടാക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികളുടെ മറുപടി.