കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് പടച്ചേരിയുടെയും സുഹൃത്ത് ശ്വേതയുടെയും പോലീസ് തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി കോടതി നല്‍കി. അഭിലാഷ് മാവോയിസ്റ്റാണെന്ന് ആരോപിച്ച് പോലീസും ശ്വേതയുടെ ബന്ധുക്കളും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും ശ്വേതയെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുകയുമായിരുന്നു.
ശ്വേതയുടെ മോചനം ആവശ്യപ്പെട്ട് അഭിലാഷ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ആരുടെ കൂടെ പോകണമെന്ന് കോടതി ചോദിച്ചപ്പോള്‍ അഭിലാഷിനൊപ്പം പോകണമെന്നായിരുന്നു ശ്വേതയുടെ മറുപടി. ഹര്‍ജി പരിഗണിച്ചശേഷം ശ്വേതയുടെ വാദം കൂടി കേട്ട ശേഷമായിരുന്നു കോടതിയുടെ നിര്‍ണ്ണായക പ്രഖ്യാപനം. അഭിലാഷിന് മാവോവാദി ബന്ധം ഉണ്ടെന്ന് സ്ഥാപിക്കാന്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയ ഫേസ്ബുക്ക് പോസ്റ്റും കോടതി തള്ളി. ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം 26ന് വീണ്ടും ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജനുവരി 25നാണ് അഭിലാഷും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ശ്വേതയും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വിവാഹം വീട്ടിലറിഞ്ഞതോടെ ശ്വേതയെ വീട്ടു തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാര്‍ ഭീഷണിപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുടുംബക്കാരോടൊപ്പം വിവാഹം പിന്‍വലിക്കാന്‍ ശ്വേത പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ തന്നെ ബലം പ്രയോഗിച്ചാണ് പിന്മാറാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ശ്വേത മൊഴി നല്‍കി. ശേഷം പോലീസ് എത്തി ശ്വേതയെ വീട്ടുകാര്‍ക്കൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു.
ശ്വേതയുടെ കുടുംബവും പോീസും നടത്തുന്ന ഈ നീക്കങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് അഭിലാഷ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഈ ബന്ധവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും വീട്ടുതടങ്കലില്‍ നിന്ന് ശ്വേതയെ മോചിപ്പിക്കുവാന്‍ പുരോഗമന ജനാധിപത്യ സമൂഹം കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിലാഷ് പറഞ്ഞിരുന്നു.
Discussion about this post