കാസര്‍കോട്: ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്റെ മകന് നീതികിട്ടുന്നതു വരെ പോരാടുമെന്ന്
പെരിയയില്‍ വെട്ടേറ്റു മരിച്ച കൃപേഷിന്റെ പിതാവ് കൃഷ്ണന്. മകന് വിശ്വസിച്ച പാര്‍ട്ടിയില്‍ പൂര്‍ണ്ണവിശ്വാസമെന്നും കൃഷ്ണന് പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ കൈയ്യില്‍ പണമില്ല. പക്ഷേ കോണ്‍ഗ്രസ് സഹായിക്കുമെന്ന് പ്രതീക്ഷയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കൃഷ്ണന് വ്യക്തമാക്കി.
സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെ മുന്‍പ് തന്നെ അറിയാം. അയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അറിയില്ല. കൊലപാതകത്തില്‍ രാഷ്ട്രീയമുണ്ട്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ അക്കാര്യമൊക്കെ അതില്‍ തെളിയുമെന്നും കൃഷ്ണന് പറഞ്ഞു.
കൊലപാതകത്തില്‍ ഒന്നുമറിയില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയുന്നത്. ഒന്നുമറിയില്ലെങ്കില്‍ പന്ത്രണ്ട് പേരെ കോടിയേരി പുറത്താക്കട്ടെയെന്നും കൃഷ്ണന് പറഞ്ഞു. പീതാംബരന് ഒറ്റയ്ക്ക് കൊലപാതകം ചെയ്യില്ല. പീതാംബരനെ പാര്‍ട്ടി പുറത്താക്കിയത് നാടകം. പീതാംബരനെ പുറത്താക്കിയതുകൊണ്ട് മാത്രം ആയില്ല. അതുകൊണ്ട് എന്താണര്‍ത്ഥം. ജീവിച്ചിരിപ്പിണ്ടുങ്കില് മകനുവേണ്ടി ഏതറ്റം വരെയും പോകും. ജീവിച്ചിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും സിപിഐഎം അനുഭാവികൂടിയായ കൃഷ്ണന് പറഞ്ഞു.
പെരിങ്കളിയാട്ടം കഴിഞ്ഞ് കൃപേഷിനെ ദുബായിലേക്ക് പറഞ്ഞയയ്ക്കാന് തീരുമാനിച്ചതായിരുന്നു. പോകുന്നതിനുള്ള പേപ്പറും മറ്റും അവന്റെ ചേട്ടന്മാര് ശരിയാക്കി വരികയായിരുന്നു. കൃഷ്ണന് പറയുന്നു.
Discussion about this post