കൊച്ചി: വാഹനങ്ങള്‍ക്ക് അലങ്കരിച്ച നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാനായി മോട്ടോര്‍ വാഹനവകുപ്പ് വലവിരിച്ച് കഴിഞ്ഞു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് മോടികൂട്ടന്നവരെ പിടികൂടാനായി പ്രത്യേക പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ചിത്രപ്പണികള്‍ നടത്തിയ ബൈക്കുകള്‍ കൂടുതലായും കണ്ടുവരുന്നത് കൊച്ചി നഗരത്തിലാണ്. ഇത്തരം വാഹനങ്ങള്‍ അപകടത്തിന് കാരണമായി രക്ഷപ്പെട്ട് ഓടുമ്പോള്‍ നമ്പര്‍ മനസ്സിലാക്കാന്‍ പോലും സാധിക്കാറില്ല. ചില വാഹനങ്ങളില്‍ 3,4, 6,8,9 നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ലെന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇതര പരിശോധനകള്‍ക്കൊപ്പം നമ്പര്‍ പ്ലേറ്റിലേക്ക് കൂടി ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചത്.
മോട്ടോര്‍ വാഹനനിയമം 177-ാം വകുപ്പുപ്രകാരം പിഴ വളരെ കുറവാണ്. അതിനാല്‍ 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് 2000 രൂപ മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് നിര്മ്മിച്ചുനല്കുന്നവരെയും വാഹന ഡീലര്‍മാരെയുമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം റോഡുപരിശോധന നടത്തി പിഴ ഈടാക്കും. നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി, പൊതു വാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം.
മോട്ടോര്‍കാര്‍, ടാക്സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റ് വാഹനങ്ങള്‍ക്ക് മുന്‍ വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. നമ്പര്‍ ചരിച്ചെഴുതുക, വ്യക്ത ഇല്ലാതിരിക്കുക, നമ്പര്‍ പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക തുടങ്ങിയവയും കുറ്റകരമാണ്.
Discussion about this post