ഗുരുവായൂര്‍: വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് എന്നറിഞ്ഞാല്‍ എല്ലാവര്‍ക്കും പ്രിയമാണ്. അതൊരു വലിയ കാര്യമായാണ് കാണുന്നത്. എന്നാല്‍ ഇവിടുത്തെ വിവാഹം നടക്കുന്നതിന്റെ ഭീകരതയും കഷ്ടപ്പാടുകളും വെളിവാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹ മണ്ഡപത്തില്‍ കടന്നു കിട്ടാനുള്ള തിക്കും തിരക്കുമാണ് ദൃശ്യങ്ങളുടെ അടിസ്ഥാനം. മണ്ഡപത്തിലേയ്ക്ക് കടന്നു കയറാന്‍ വധു ശ്രമിക്കുന്നതോടൊപ്പം കരയുന്നുമുണ്ട്. പുറകില്‍ നിന്ന് തള്ളി നീക്കാന്‍ പിതാവും തനിയ്ക്ക് ആവുന്നത്രയും ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വളരെ തിരക്കുള്ള വിവാഹ സീസണിലാണ് ഇക്കാഴ്ച. ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങള്‍ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാന്‍ പലപ്പോഴും വധൂവരന്മാര്‍ ഏറെ കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ 10 ന് 273 വിവാഹങ്ങളാണ് ഗുരൂവായൂര്‍ അമ്പലത്തില്‍ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാല്‍ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാന്‍ പല വധൂവരന്മാര്‍ക്കും കഴിയാറില്ല എന്നതാണ് വാസ്തവം.
വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തില്‍ നിലയുറപ്പിക്കുന്നതാണ് ഇത്രമാത്രം തിരക്കിന് വഴിവെക്കുന്നത്. സുന്ദരിയായി അണിഞ്ഞൊരുങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് ഉടഞ്ഞ സാരിയും ഉലഞ്ഞ മുടിയുമായി ആകെ അലങ്കോലമായാണ് വധുവിന് മണ്ഡപത്തില്‍ പ്രവേശിക്കാനായത്. തിരക്ക് നിയന്ത്രിക്കാന്‍ വല്ലാതെ പാടുപെടുന്ന പോലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളില്‍ കാണാം. ബന്ധുക്കള്‍ മുന്‍കൈയെടുത്ത് വധൂവരന്മാരെയും മാതാപിതാക്കളെയും മണ്ഡപത്തിലേത്ത് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതോടെ സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
Discussion about this post