കൊച്ചി: കൊച്ചിയിലെ പാരഗണ്‍ ചെരുപ്പിന്റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ ബഹുനില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് സുഗമമായ വഴികളില്ലായിരുന്നു. അഗ്‌നിശമനസേനാ യുണിറ്റുകള്‍ എത്താന്‍ വൈകി. ഇത് തീപിടുത്തത്തിന്റെ ആക്കം കൂട്ടി. മെട്രോ നഗരത്തിന് ഒത്ത നടുക്കുള്ള വന്‍ തീപിടുത്തം. തീ പടര്‍ന്ന് തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ജീവനക്കാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. പക്ഷേ ഫയര്‍ഫോഴ്‌സിന് രക്ഷാ പ്രവര്‍ത്തനം തടുങ്ങാന്‍ അരമണിക്കൂറിലേറെ സമയം വേണ്ടി വന്നു.
അഗ്‌നിശമനസേനയ്ക്ക് അപകട സ്ഥലത്തേക്കെത്തിച്ചേരാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. കളത്തിപ്പറമ്പു റോഡിന്റെ ഒരുവശത്ത് മെട്രോ നിര്‍മ്മാണം. മറുവശത്ത് നഗരസഭയുടെ കലുങ്കുനിര്‍മ്മാണം. രക്ഷാ പ്രവര്‍ത്തനത്തിനുള്ള വിലയേറിയ സമയമാണ് ഇതുമൂലം നഷ്ടമായത്. മൂന്ന് നിലയില്‍ കൂടുതല്‍ ഉള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ചുറ്റും ഫയര്‍ എഞ്ചിനുകള്‍ക്ക് യാത്ര യോഗ്യമായ വഴി ഉണ്ടാകണമെന്ന നിയമം ലംഘിച്ചായിരുന്നു കെട്ടിട നിര്‍മ്മാണം.
കെട്ടിടം ഏത് നിമിഷവും തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്നാണ് അഗ്‌നിശമന സേനയുടെ മുന്നറിയിപ്പ്. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് അന്വേഷണ ചുമതല.