കായംകുളം: കായംകുളത്ത് മോഷണം തുടര്‍കഥയാകുന്നു. ഒരാഴ്ചക്കിടെ കായംകുളത്ത് വീണ്ടും വീട് കുത്തിത്തുറന്ന് മോഷണം. 15 പവനും 15,000 രൂപയും എടിഎം കാര്‍ഡും മോഷണം പോയി.
കൃഷ്ണപുരം മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മാളിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. ഇവര്‍ മകളുടെ പുതുപ്പള്ളിയിലെ വീട്ടില്‍ ഉത്സവത്തിനു പോയ ശേഷം ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് മോഷണം പോയത്. മൂന്നു മുറികളിലും അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ആഴ്ചയില്‍ ചേരാവള്ളിയില്‍ സതീഷിന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തി. ഏഴു പവന്‍ സ്വര്‍ണ്ണാഭരമാണ് ഇവിടെ നിന്നും മോഷണം പോയത്. ഈ സമയം വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
പരിപ്ര ജംഗ്ഷനു സമീപം അര്‍ത്തിക്കുളങ്ങര ജിജോയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള ഉരുളി, ചെമ്പ്, വാര്‍പ്പ്, കുട്ടകം. തുടങ്ങിയവ മോഷ്ടിച്ചു. ജിജോ വിദേശത്തായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെയും കതക് കുത്തിതുറന്നായിരുന്നു മോഷണം. എന്നാല്‍ മോഷണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. മോഷണങ്ങള്‍ നടന്ന വീടുകളില്‍ നിന്നും വിരലടയാളങ്ങള്‍ ലഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
Discussion about this post