തിരുവനന്തപുരം: ഭക്തജനങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10 15ന് പണ്ടാര അടുപ്പില്‍ തീ കൊളുത്തുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാവും. അരിയും പയറും ഒരുക്കി ആയിരക്കണക്കിന് സ്ത്രീകളാണ് തലസ്ഥാനനഗരിയില്‍ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നേദിക്കുന്ന ചടങ്ങ്.
ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് രാവിലെ ആറ്റുകാലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാരിക്കേഡുകള്‍ വെച്ചും കയറുകെട്ടിയും തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിനുള്ള സൗകര്യം പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് തലസ്ഥാനനഗരം പൂര്‍ണ്ണമായും സുരക്ഷാവലയത്തിലാണ്. വനിതാ പോലീസുകാരടക്കം 3700 ലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ശ്രീകോവിലിനുള്ളില്‍ നിന്നും പകരുന്ന തീ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്കും സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്കും പകരുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക. ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവ് വരെ പൊങ്കാലക്കളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. രണ്ടു ദിവസം മുമ്പ് തന്നെ ഭക്തര്‍ പൊങ്കാലയിടാനുള്ള ഇടം കണ്ടെത്താന്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് 2 15ന് പൊങ്കാല അടുപ്പില്‍ തീ കൊളുത്തും മുമ്പുള്ള തോറ്റം പാട്ടില്‍ പാണ്ഡ്യരാജാവിന്റെ വധം വരെ പാടിത്തീക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. ഒപ്പം വായ്ക്കുരവയും ചെണ്ട മേളവും കതിനാവെടിയുമുണ്ടാകും.
Discussion about this post