തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് വിലക്കിന് ഇതുവരെ കണക്കാക്കിയതു പോലെ പതിറ്റാണ്ടുകളുടെ അല്ല, നൂറ്റാണ്ടുകളുടെ പഴക്കമെന്ന് തെളിവുകള്‍. ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ നിയന്ത്രണമുണ്ടായിരുന്നെന്നു രേഖകള്‍ തെളിയിക്കുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് സര്‍ക്കാരിനു വേണ്ടി ലഫ്റ്റനന്റുമാരായ വാര്‍ഡും കോനെറും തയാറാക്കിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. തിരുവിതാംകൂര്‍ കൊച്ചിന് സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രവും ചരിത്രവും സംസ്കാരവും അടക്കമുള്ള വിവരങ്ങളാണ് സര്‍വേയിലുള്ളത്. 1816 ജൂലൈ മുതല്‍ 1820 വരെയാണ് പഠനം നടന്നത്.
സര്‍വേയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങനെ:
മലദൈവങ്ങളുടെ പ്രധാനക്ഷേത്രമാണ് ശബരിമലയെന്ന് സര്‍വേയില്‍ പറയുന്നു. ക്ഷേത്രത്തിലേക്കു ദുര്‍ഘടമായ വഴിയാണുള്ളത്. ആനവട്ടത്തുനിന്ന് ക്ഷേത്രത്തിലേക്കെത്താന്‍ തടിപ്പാലമുണ്ട്. ക്ഷേത്രം ചെറുതാണ്. ഒരു ചെറിയ കുന്നിനു മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 18 പടികളുള്ള ക്ഷേത്രത്തിന് 150 ഫീറ്റ് സ്ക്വയര്‍ വലുപ്പമുള്ള ചുറ്റുമതിലുണ്ട്. ക്ഷേത്രം ചെമ്പ് തകിടുകൊണ്ട് പൊതിഞ്ഞിട്ടുണ്ട്. വാര്‍ഷിക ഉല്‍സവം ജനുവരി 15നാണ് ആരംഭിച്ച് അഞ്ചുദിവസം നീണ്ടു നില്ക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വര്‍ഷത്തില്‍ പതിനായിരം മുതല്‍ പതിനയ്യായിരംവരെ തീര്‍ഥാടകര്‍ ക്ഷേത്രത്തിലെത്താറുണ്ട്. മുതിര്‍ന്ന സ്ത്രീകള്‍ക്കും ചെറിയ പെണ്‍കുട്ടികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം. എന്നാല്‍ പ്രത്യേക പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
അസുഖം മാറുന്നതിനും നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാനുമെല്ലാം ഭക്തര്‍ പതിനെട്ടാം പടിക്കു മുന്നില്‍ കാണിക്ക സമര്‍പ്പിക്കാറുണ്ട്. പണവും കാണിക്കയായി ലഭിക്കാറുണ്ട്. ചിലപ്പോഴൊക്കെ, ക്ഷേത്രത്തിന്റെ വാര്‍ഷിക ചെലവിന് ഭരണാധികാരികള്‍ നല്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുക കാണിക്കയായി ലഭിക്കാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാരാണ് ഈ തുക ശേഖരിക്കുന്നത്. ബ്രാഹ്മണ സമുദായത്തില്‍നിന്നുള്ള ഒരാളും നായര്‍ സമുദായത്തില്‍നിന്നുള്ള രണ്ടുപേരുമാണ് ക്ഷേത്രത്തിന്റെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.
Discussion about this post