തിരുവനന്തപുരം: പല തരത്തിലുള്ള ചിത്രപണികള്‍ നാം കണ്ടിട്ടുണ്ട്. വ്യത്യസ്തത നിറഞ്ഞ ചിത്രപണികള്‍ നാം എല്ലാം ഇഷ്ടപ്പെടുന്നവരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഞെട്ടിപ്പിക്കുന്നതും അത്ഭുത കാഴ്ചയുമായി മാറിയതുമായ ഒരു സ്കൂളിലെ ചിത്രപണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മരത്തിനു ചുവട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സ്കാനിയ എന്ന തലത്തിലാണ് ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ കെഎസ്ആര്‍ടിസ് അതും സ്കാനിയ ബസിനെന്താ സ്കൂളില്‍ കാര്യമെന്നാണ് ചോദിക്കുക. എന്നാല്‍ പിന്നീട് സൂക്ഷിച്ചു നോക്കുമ്പോഴാണ് ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അതൊരു ചിത്രപണിയാണെന്ന് മനസിലാകുന്നത്.
കാഴ്ചക്കാരില്‍ അത്ഭുതവും അമ്പരപ്പും പടര്‍ത്തിയ ഈ ദൃശ്യം ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ഉള്ളത്. ആരൊക്കെയോ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കലാവിരുത് പുറം ലോകം അറിഞ്ഞത്. ”നാളെ ചിലപ്പോ മരത്തിലിടിച്ച കെഎസ്ആര്‍ടിസി ബസെന്നും പറഞ്ഞു വാട്സാപ്പില്‍ വന്നേക്കാം..” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
150 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ആറ്റിങ്ങലിലെ ഗവ: മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. സംസ്ഥാനതലത്തിലുള്ള പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിന് 5 കോടി രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. ഈ തുക ഉള്‍പ്പെടെ മൊത്തം 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സ്കൂളില്‍ നടത്തിയിരിക്കുന്നത്. രണ്ടുകോടിരൂപ വീതം എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ചു. അവശേഷിക്കുന്ന ഒരുകോടി രൂപ പിടിഎയും അധ്യാപകരും സന്നദ്ധസംഘടനകളും പൂര്‍വവിദ്യാര്‍ഥികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
ഓരോ നിയോജക മണ്ഡലത്തിലെയും ഓരോ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്കൂളിന് 5 കോടി രൂപ ലഭിച്ചത്. ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍നിന്ന് പാഠ്യപാഠ്യേതരമായ മികവ് കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും മാതൃകയും ഉന്നത പഠനനിലവാരം കാത്ത് സൂക്ഷിക്കുന്നതുമായ സ്കൂളിനെ അഡ്വ. ബി സത്യന് എംഎല്‍എയാണ് തെരഞ്ഞെടുത്തത്.
അങ്ങനെയാണ് കെഎസ്ആര്‍ടിസി സ്കാനിയ സര്‍വീസായ ഗരുഡ മഹാരാജയുടെ മോഡല്‍ സ്കൂളില്‍ ഇടംപിടിക്കുന്നത്. ഈ മനോഹര കലാസൃഷ്ടിയ്ക്ക് പിന്നില്‍ ആരാണെന്നുള്ള വിവരങ്ങള്‍ ഇരുവരെയും ലഭ്യമായിട്ടില്ല. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു ഇംഗ്ലീഷ് ലേണിങ് സെന്റര്‍ ആയാണ് ഈ സ്കൂള്‍ തുടങ്ങുന്നത്. പിന്നീട് 1950 ല്‍ ഇത് ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്കൂളായി രൂപാന്തരം പ്രാപിച്ചു. സ്കൂളിലെ ഭൂരിഭാഗം ക്ലാസ്സ് റൂമുകളും കെട്ടിടങ്ങളുമെല്ലാം ഇത്രയധികം വര്‍ഷങ്ങള്‍ പഴക്കമേറിയതാണ്. നൂറ് വര്‍ഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പ്രിയങ്കരമാക്കിതീര്‍ക്കുകയും ചെയ്യുന്നു.
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ഈ സ്കൂളില്‍ 38 ഹൈടെക് ക്ലാസ്സ് റൂമുകളുണ്ട്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും, ഹൈസ്ക്കൂള് വിഭാഗത്തില്‍ 22 സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളും 6 ഹൈടെക് ക്ലാസ്സ് റൂമുകളുമാണ് ഉള്ളത്. സ്കൂളിലെ പുതിയ കെട്ടിടത്തിലാണ് ആരെയും അതിശയിപ്പിക്കുന്ന കെഎസ്ആര്‍ടിസി സ്കാനിയ ബസ് ഇടം പിടിച്ചിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, കിച്ചന് ഡൈനിങ് ബ്ലോക്ക്, സ്റ്റേജ് , അഡ്മിന് ബ്ലോക്ക് തുടങ്ങിയവയും പുതുതായി പണികഴിപ്പിച്ചിട്ടുള്ളവയാണ്.
രാജ്യാന്തര നിലവാരമുള്ള കെട്ടിടസമുച്ചയം, സെമിനാര്‍ഹാള്‍, റീഡിങ് റൂം, സ്മാര്‍ട് ക്ലാസ്മുറികള്, ജൈവവൈവിധ്യപാര്‍ക്ക്, ടാലന്റ് ലാബ്, ലാംഗ്വേജ് ലാബ്, അത്യാധുനിക ലബോറട്ടറികള്‍, ആധുനിക കിച്ചന്, ഡൈനിങ് ഹാള്‍, ഗ്രീന്‍പ്രോട്ടോക്കോള്‍ ക്യാംപസ്, ആധുനിക ശൗചാലയങ്ങള്‍, മാലിന്യസംസ്കരണ സംവിധാനം, സോളര്ലൈറ്റിങ്, ആധുനിക കളിസ്ഥലങ്ങളും നീന്തല്‍കുളവും എന്നിവയാണു പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകള്‍ മുന്പോട്ട് കുതിക്കുന്നതിന്റെ കാഴ്ച കൂടിയാണ് ഇവിടം. സംഭവം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
Discussion about this post