പാലക്കാട്: യുവാക്കള്‍ക്ക് മാതൃകയായി പാലക്കാട് തൃത്താല മേഴത്തൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍. എട്ടേക്കറില്‍ ജൈവകൃഷി ചെയ്താണ് വിദ്യാര്‍ത്ഥി കൂട്ടായ്മ നാടിന് നന്മയായത്. ബാലേട്ടന്‍സ് ജൈവ അരി എന്ന ബ്രാന്‍ഡിലാണ് കുട്ടികള്‍ അരി വിപണിയിലെത്തിച്ചത്.
രാസവളങ്ങളും മാരക കീടനാശിനികളും എട്ടേക്കറില്‍ തൊടീച്ചിട്ടില്ല. ചീനിമുളക്, വെളുത്തുള്ളി, പുകയില, എന്നിവ സോപ്പുലായനിയില്‍ ചേര്‍ത്തുണ്ടാക്കിയ ജൈവ കീടനാശിനിയും ജൈവ വളപ്രയോഗവുമാണ് മികച്ച വിളവ് ലഭിക്കാന്‍ കാരണമെന്ന് കുട്ടിക്കര്‍ഷകര്‍ പറയുന്നു.
അഞ്ചര ടണ്‍ അരിയാണ് കുട്ടികള്‍ക്ക് ലഭിച്ചത്. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ത്ഥികളുടേതാണ് നെല്‍കൃഷിയിലെ അധ്വാനം. സാഹിത്യകാരനും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന് മുഖ്യാതിഥിയായ ചടങ്ങില്‍ ജൈവ അരിയുടെ വിപണനോദ്ഘാടനം നടന്നു. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട സഹപാഠിക്കായി എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച സ്നേഹഭവനത്തിന്റെ താക്കോല്‍ ദാനവും ചടങ്ങിന് മാറ്റുകൂട്ടി.
Discussion about this post